കൈക്കൂലി; ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ അറസ്റ്റിൽ

തിരുവനന്തപുരം : കരാറുകാരനിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജല അതോറിറ്റി നോർത്ത് ഡിവിഷൻ (പിഎച്ച്) എക്സിക്യൂട്ടീവ് എൻജിനീയർ ജോൺ കോശിയെ വിജിലൻസ് അറസ്റ്റ് ചെയ്തു. 40 ലക്ഷം രൂപയുടെ ബില്ല് മൂന്ന് മാസമായും പാസാകാത്തതിനെ തുടർന്നാണ് കരാറുകാരൻ മനോഹരൻ മാസങ്ങൾക്കു മുൻപ് എക്സിക്യൂട്ടീവ് എൻജിനീയറെ കണ്ടത്. അമൃത് പദ്ധതി പ്രകാരം ശ്രീകാര്യത്തിനടുത്തുള്ള ചെമ്പാലമുക്ക് മുതൽ സൊസൈറ്റിമുക്കു വരെയുള്ള ഭാഗത്ത് പൈപ്പ് മാറ്റുന്ന ജോലികളുടെ ബില്ലായിരുന്നു പാസാക്കേണ്ടിയിരുന്നത്. 
അന്ന്, 10,000 രൂപ കൈക്കൂലി ജോൺ കോശി ആവശ്യപ്പെട്ടു. പണം കൊടുക്കാത്തതിനാൽ ബില്ല് 16 മാസത്തോളം എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിൽ പിടിച്ചുവച്ചു. കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് 15 ദിവസത്തിനകം ബില്ല് മാറി നൽകാൻ നിർദേശം ഉണ്ടായി. തുടർന്നു ബില്ല് മാറി നൽകിയെങ്കിലും മുഴുവൻ തുകയും നൽകിയില്ല. വീണ്ടും സമീപിച്ചപ്പോൾ 45,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ബില്ല് മാറിയ നൽകിയ േശഷം പണം നൽകാമെന്ന് ഉറപ്പു നൽകിയപ്പോഴാണ് ബാക്കി തുക പാസാക്കിയത്.  
പിന്നീടും നിരന്തരമായി നിർബന്ധിച്ചപ്പോഴാണ് കരാറുകാരൻ വിജിലൻസിനെ സമീപിച്ചത്. എസ്പി കെ.ഇ.ബൈജുവിന്റെ മേൽനോട്ടത്തിലാണ് കൈക്കൂലി വാങ്ങുന്നത് പിടികൂടാൻ പദ്ധതിയൊരുക്കിയത്. തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളയമ്പലത്തുള്ള പിഎച്ച് ഡിവിഷൻ ഓഫിസിൽ പന്ത്രണ്ടരയോടെ ജോൺ കോശി കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടുകയായിരുന്നു.