തിരുവനന്തപുരം : ശുചിത്വ നഗരത്തിനും ശുചിത്വ ഗ്രാമത്തിനുമുള്ള സംസ്ഥാന സർക്കാരിന്റെ നവകേരള പുരസ്‌കാരം ആറ്റിങ്ങൽ നഗരസഭയ്ക്കും പൂവച്ചൽ പഞ്ചായത്തിനും. രണ്ടു ലക്ഷം രൂപ ക്യാഷ് അവാർഡായും ലഭിക്കും. മുഖ്യമന്ത്രിയുടെ 100 ദിന കർമ പരിപാടിയുടെ ഭാഗമായാണു പുരസ്‌കാരം ഏർപ്പെടുത്തിയത്.
തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ശുചിത്വ–- മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നിർണയിച്ചത്. ഹരിത കർമസേനയുടെ സുരക്ഷാ സംവിധാനങ്ങൾ, വീടുകളിലും സ്ഥാപനങ്ങളിലും നടത്തുന്ന വാതിൽപ്പടി ശേഖരണ രീതി, യൂസർഫീ കലക്‌ഷൻ, മിനി എംസിഎഫ്, എംസിഎഫുകളുടെ സ്ഥാപനം തുടങ്ങിയ ഘടകങ്ങൾ പുരസ്‌കാര നിർണയത്തിന് വിലയിരുത്തി.
പുരസ്‌കാര വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മൂന്ന്മണിക്ക് തദ്ദേശ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ ഓൺലൈനായി നിർവഹിക്കും. നവകേരള കർമ പദ്ധതി സംസ്ഥാന കോ-–-ഓർഡിനേറ്റർ ഡോ. ടി എൻ സീമ അധ്യക്ഷയാകും. തദ്ദേശ സ്ഥാപനതലത്തിൽ എംഎൽഎമാർ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
ആറ്റിങ്ങൽ നഗരസഭയുടെ പുരസ്‌കാരം ഒ എസ് അംബിക എംഎൽഎയും പൂവച്ചൽ പഞ്ചായത്തന്റേത് ജി സ്റ്റീഫൻ എംഎൽഎയും കൈമാറും. ക്യാഷ് അവാർഡായി ലഭിക്കുന്ന തുക മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വിനിയോഗിക്കാം.