സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഇനി ഒറ്റ വെബ്സൈറ്റില്‍.ഇ സേവനം’

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ വെബ്സൈറ്റുകളില്‍ ലഭിച്ചിരുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ ഇനി ഒറ്റ വെബ്സൈറ്റില്‍.ഇ സേവനം’ (www.services.kerala.gov.in) എന്ന കേന്ദ്രീകൃത സര്‍വീസ് പോര്‍ട്ടലിനാണ് സംസ്ഥാന ഐടി മിഷന്‍ രൂപം നല്‍കിയത്. അഞ്ഞൂറിലധികം സേവനം ഇതുവഴി ലഭിക്കും.

എല്ലാ സര്‍ക്കാര്‍ സേവനവും ഉള്‍ക്കൊള്ളിച്ച്‌ ‘എം സേവനം’ മൊബൈല്‍ ആപ്പും നിര്‍മിച്ചിട്ടുണ്ട്. ആപ് ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭിക്കും. ആദ്യഘട്ടമായി നാനൂറ്റമ്ബതിലധികം സേവനങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളത്. കേന്ദ്രീകൃത പോര്‍ട്ടലിന്റെയും മൊബൈല്‍ ആപ്പിന്റെയും ഉദ്ഘാടനം വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

വകുപ്പ്, ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ സേവനങ്ങള്‍ രണ്ടായി തിരിച്ചാണ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സേവനങ്ങള്‍ വേഗത്തില്‍ തിരയാനും കണ്ടെത്താനും ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, സ്ത്രീകളും കുട്ടികളും, യുവജനങ്ങള്‍ ആന്‍ഡ് നൈപുണ്യ വികസനം, സാമൂഹ്യ സുരക്ഷ ആന്‍ഡ് പെന്‍ഷനേഴ്സ്, പൊതു ഉപയോഗ സേവനങ്ങള്‍, മറ്റു സേവനങ്ങള്‍ എന്നിങ്ങനെ ഒമ്ബതായി തിരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ അക്ഷരമാല ക്രമത്തിലും ലഭ്യമാണ്.

സര്‍ക്കാരിന്റെ വെബ് പോര്‍ട്ടലായ www.kerala.gov.in ഉം നവീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന ഓണ്‍ലൈന്‍ സേവനങ്ങളുടെ സ്ഥിതിവിവരങ്ങള്‍ ലഭ്യമാക്കുന്ന സര്‍വീസ് ഡാഷ്ബോര്‍ഡും (dashboard.kerala.gov.in) വികസിപ്പിച്ചു. ഇതുവഴി ഓരോ വകുപ്പിന്റെയും സേവനവിതരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കും. വകുപ്പുകള്‍ പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍, ഓര്‍ഡര്‍, അറിയിപ്പ്, വിജ്ഞാപനം, ടെന്‍ഡര്‍ എന്നിവ ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുന്ന ഡോക്യുമെന്റ് റെപ്പോസിറ്ററി പോര്‍ട്ടലും വികസിപ്പിച്ചിട്ടുണ്ട്.

ഐടി മിഷന്‍ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പദ്ധതി ആരംഭിച്ചത്. സി–- ഡിറ്റിന്റെ നേതൃത്വത്തിലാണ് സേവന പോര്‍ട്ടല്‍ ഡിസൈന്‍ ചെയ്തത്. സംസ്ഥാന എന്‍ഐസിയാണ് എം- സേവനം മൊബൈല്‍ ആപ് തയ്യാറാക്കിയത്.