കുപ്പിവെള്ളത്തിന്റെ വില കൂട്ടാന്‍ കുപ്പിവെള്ള കമ്പനികളുടെ സമ്മര്‍ദ്ദം



നിർമ്മാണ ചെലവ് പെരുപ്പിച്ച്‌ കാട്ടി ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില ഇപ്പോഴത്തെ 13 രൂപയില്‍ നിന്ന് 20 ആക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ഒരു വിഭാഗം നിര്‍മ്മാതാക്കളുടെ നീക്കത്തിനെതിരെ പ്രതിഷേധം. കൊള്ളലാഭം കൊയ്ത് കൂട്ടുമ്ബോഴായിരുന്നു കുപ്പിവെള്ളത്തിന് പരമാവധി വില 13 രൂപയാക്കി സര്‍ക്കാര്‍ നിജപ്പെടുത്തിയത്.

2020 ഫെബ്രുവരിയിലാണ് ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയത്. ഇതിന് പിന്നാലെ തന്നെ തീരുമാനം പിന്‍വലിപ്പിക്കാന്‍ കമ്ബനിക്കാര്‍ പലതരത്തിലുള്ള സമ്മര്‍ദ്ദം ചെലുത്തിയിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ ഒത്തുചേര്‍ന്ന് വന്‍തോതില്‍ പണം പിരിച്ച്‌ കോടതിയെ സമീപിച്ചിട്ടും അനുകൂല വിധി ഉണ്ടായില്ല. അന്ന് ജഡ്ജിയെ സ്വാധീനിക്കാനെന്ന പേരില്‍ വന്‍തുകയാണ് ചില സംഘടനാ നേതാക്കള്‍ നിര്‍മ്മാതാക്കളില്‍ നിന്ന് പിരിച്ചത്.

ഇപ്പോള്‍ പൊതുവിതരണ, വ്യവസായ, ധന വകുപ്പ് മന്ത്രിമാരെ വില ഉയര്‍ത്തണമെന്ന ആവശ്യവുമായി കമ്ബനിക്കാര്‍ സമീപിച്ചെങ്കിലും നിലപാടില്‍ മാറ്റമില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ വന്‍കിട കമ്ബനികളുടെ സഹായത്തോടെ സമരങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. അതേസമയം വില ഉയര്‍ത്തേണ്ട ആവശ്യമില്ലെന്ന നിലപാടില്‍ വലിയൊരു വിഭാഗം കുപ്പിവെള്ള നിര്‍മ്മാതാക്കള്‍ മറുവശത്തുമുണ്ട്.

*_🔹ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ നിര്‍മ്മാണ ചെലവ് (രൂപയില്‍)_*

_▪️കുപ്പിയുടെ വില: 3.47_

_▪️അടപ്പ്: 0.33_

_▪️ലേബല്‍: 0.32_

_▪️പായ്ക്കിംഗ് ചെലവ്: 0.80_

_▪️ലാഭവും മറ്റ് ചെലവുകളും: 1.08_

_▪️ഒരു ബോട്ടിലിന്റെ ആകെ ചെലവ്: 6_

_▪️12 കുപ്പികളുള്ള ഒരു ബോക്സിന്റെ ലാഭം സഹിതം ചെലവ്: 72_

_▪️ഒരു കുപ്പിയുടെ എം.ആര്‍.പി: 13_

_▪️ഒരു കുപ്പിയിലെ ലാഭം: 7_

_▪️ഒരു ബോക്സിന്റെ ലാഭം: 84_

.................................

*_🔹ജാറിലും കള്ളക്കളി_*

20 ലിറ്ററിന്റെ ജാറില്‍ വെള്ളം നിറയ്ക്കാനുള്ള പരമാവധി ചെലവ് 15 രൂപ മാത്രമാണ്. എന്നാല്‍ 60 മുതല്‍ 70 രൂപയ്ക്ക് വരെയാണ് വില്പന. പക്ഷേ, ഇത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.