*കരവാരം നഗരൂർ പുളിമാത്ത് ശുദ്ധജല വിതരണ പദ്ധതി പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ആറ്റിങ്ങൽ എം.എൽ.എ ഒ .എസ് അംബിക അറിയിച്ചു.*
നഗരൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ എം എൽ എ യുടെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗത്തിൽ കേരള വാട്ടർ അതോറിറ്റി പ്രോജക്ട് വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ വി. സജി, എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.ജി.അജീഷ് കുമാർ, ഡെപ്യൂട്ടി തഹസിൽദാർ രമ ദേവി അമ്മ,നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡി സ്മിത, കരവാരം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉല്ലാസ് കുമാർ, പുളിമാത്ത് ഗ്രാമപഞ്ചായത്ത് അംഗം കാരേറ്റ് ശിവ പ്രസാദ്, കേരള വാട്ടർ അതോറിറ്റി പ്രോജക്ട് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രാജേഷ്,നഗരൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി രഘു, അനിൽ കുമാർ എന്നിവർ സംസാരിച്ചു. ശുദ്ധജല വിതരണ പദ്ധതിയുടെ നടത്തിപ്പിനായി രണ്ടു സ്ഥലങ്ങൾ ഏറ്റെടുക്കേണ്ടതായും ഓവർഹെഡ് ടാങ്ക് സ്ഥാപിക്കുന്നതിനായി ആറു സ്ഥലങ്ങൾ അക്വയർ ചെയ്യേണ്ടതായും ഉണ്ട്. ഇതിനുള്ള നടപടി ക്രമങ്ങളാണ് ഊർജിതമാക്കുന്നതിന് ആലോചന യോഗത്തിൽ ധാരണയായത്. ഇതിനുശേഷം ശുദ്ധജലവിതരണ പദ്ധതിയുടെ പമ്പ് ഹൗസ് സ്ഥാപിക്കാനുദ്ദേശിക്കുന്ന വാമനപുരം വില്ലേജിലെ ആറാംതാനത്തെ ഭൂമി എംഎൽഎയും, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും, റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് സംയുക്ത പരിശോധന നടത്തുകയും നടപടിക്രമങ്ങൾ വേഗത്തിലാക്കാനുള്ള ധാരണ കൈക്കൊള്ളുകയും ചെയ്തു....