* ആറ്റിങ്ങിൽ സ്റ്റേഷനിലെജീപ്പ് എറിഞ്ഞ് തകർത്തു*

ജയിലിലേക്ക് തിരികെ പോകാന്‍ വേണ്ടി യുവാവ് സ്റ്റേഷനു മുന്നില്‍ കിടന്ന പൊലീസ് ജീപ്പ് എറിഞ്ഞു തകര്‍ത്തു...

ഞായറാഴ്ച വൈകീട്ട് ആറ്റിങ്ങല്‍ സ്റ്റേഷന് മുന്നിലാണ് സംഭവം. അയിലം സ്വദേശി ബിജുവാണ് (29) വാഹനം എറിഞ്ഞു തകര്‍ത്തത്. ഇയാള പൊലീസ് പിടികൂടി. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.
ഇത് രണ്ടാം തവണയാണ് ബിജു സ്റ്റേഷനു മുന്നില്‍ കിടക്കുന്ന ജീപ്പിന്റെ ചില്ലു തകര്‍ക്കുന്നത്. ആറ് മാസം മുന്‍പ് സമാനമായ രീതിയില്‍ സ്റ്റേഷനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന പൊലീസ് ജീപ്പ് എറിഞ്ഞ് തകര്‍ത്ത ബിജുവിനെ പിടികൂടി ജയിലില്‍ അടച്ചിരുന്നു. ജയില്‍ വാസം കഴിഞ്ഞ് പുറത്തിറങ്ങിയ ബിജു വീണ്ടും ജീപ്പ് എറിഞ്ഞു തകര്‍ക്കുകയായിരുന്നു.

ജീപ്പിന്റെ പിന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്നു. ജീപ്പിന്റെ ചില്ലു തകര്‍ത്ത ശേഷം സമീപത്തു നിന്ന ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ജയിലില്‍ പോകാന്‍ വേണ്ടിയാണ് താന്‍ ജീപ്പ് തകര്‍ത്തതെന്ന് ഇയാള്‍ വ്യക്തമാക്കി.

ജയിലില്‍ നിന്നു പുറത്തിറങ്ങിയ ശേഷം ജോലിയും ഭക്ഷണവും കിട്ടിയില്ല. ജീവിതം ദുസ്സഹമായി. അതിനാലാണ് വീണ്ടും ജയിലില്‍ പോകാന്‍ തീരുമാനിച്ചതെന്ന് ബിജു പൊലീസിനോട് പറഞ്ഞു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.