കടയ്ക്കൽ: വയറും മനസും ഒരുപോലെ നിറക്കുന്നൊരു കുഞ്ഞൻ ചായക്കടയുണ്ടായിരുന്നു കൊല്ലം കടക്കലിൽ മുക്കുന്നത്ത്. അത് നടത്തുന്നത് യഹിയാ എന്ന പച്ചയായമനുഷ്യൻ. നാട്ടുകാരുടെ യഹിയാക്ക.കേരളത്തിന്റെ മാക്സി മാമ. സോഷ്യല്‍ മീഡിയക്കും പ്രിയങ്കരനാണ് ഈ മനുഷ്യൻ. വ്യത്യസ്തമായ വസ്ത്രധാരണവും അതിലും വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളേയും നേരിടേണ്ടി വന്ന വ്യക്തിയാണ് യഹിയ.
നോട്ട് നിരോധന സമയത്ത് തന്റെ പകുതി മീശ വടിച്ചു പ്രതിഷേധിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു.
എങ്ങനെയാണ് ഈ പേരുവന്നത് പലരും ചോദിച്ചു? പണ്ട് കവലയിൽ വച്ച് എസ് ഐ . യെ കണ്ടപ്പോൾ മുണ്ടിന്റെ തലക്കുത്തഴിച്ചില്ല എന്ന കാരണത്താൽ എസ് ഐ മുഖത്തടിച്ചു. അന്ന് മുതൽ മുണ്ട് ഉപേക്ഷിച്ചു വേഷം നൈറ്റി ആക്കി. ഇയാൾക്കെന്താ വട്ടുണ്ടോ.. നാട്ടുകാരിൽ പലരും കളിയാക്കി പറഞ്ഞപ്പോഴും അയാൾ സ്വന്തം നിലപാടിൽ നിന്നും ഒരു അടി പോലും പിന്നോട്ട് പോയില്ല. പ്രതികരിക്കാൻ ശേഷിയില്ലാത്ത ഒരു സാധാരണക്കാരന്റെ വ്യത്യസ്തമായ നിശബ്ദ പ്രതിഷേധം ആയിരുന്നു അത്. ഒടുവിൽ നാടും വീടും കുടുംബക്കാരും അംഗീകരിച്ച വേഷമായി അത് മാറി.
യഹിയയുടെ ആർഎംഎസ് തട്ടുകടയും വേറിട്ട വിഭവങ്ങൾ കൊണ്ടും അതിലുപരി ടിയാന്റെ വാചകക്കസർത്ത് കൊണ്ടും ഏവരുടെയും ശ്രദ്ധാ കേന്ദ്രമായിരുന്നു.
കഴിഞ്ഞ കുറച്ചു കാലങ്ങളായി രോഗബാധിതനായി കിടപ്പിലായിരുന്നു.
ഓർമിക്കാൻ ഒത്തിരി അനുഭവങ്ങൾ ബാക്കിയാക്കി യഹിയാ യാത്രയായി.കടക്കൽ പുതുക്കോട് ജുമാ മസ്ജിദിലാണ് കബറടക്കം .
കേരളത്തിന്റെ മാക്സിമാമയ്ക്ക് മീഡിയ 16 ന്റെ ആദരാഞ്ജലികൾ...