വക്കം ഖാദർ പുരസ്കാരം ആനത്തലവട്ടം ആനന്ദന് സമ്മാനിച്ചു

ഈ വർഷത്തെ ഏറ്റവും നല്ല പൊതുപ്രവർത്തകനുള്ള വക്കം ഖാദർ പുരസ്കാരവും ക്യാഷ് അവാർഡും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ ഏറ്റുവാങ്ങി. ധീര രക്തസാക്ഷി വക്കം ഖാദറിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം നിലക്കാമുക്ക് വക്കം ഖാദർ സ്മാരക ഹാളിൽ വെച്ച് പ്രശസ്ത സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂറാണ് ആനത്തലവട്ടം ആനന്ദന് സമ്മാനിച്ചത്.
ക്യാഷ് അവാർഡായി നൽകിയ പതിനായിരത്തി ഒന്നു രൂപ അസോസിയേഷന്റെ പ്രവർത്തനങ്ങൾക്കായി അദ്ദേഹം തിരികെ നൽകി. വക്കം ഖാദറിനെ തൂക്കിലേറ്റിയ സമയമായ പുലർച്ചെ അഞ്ചു മണിക്കു കതിനാവെടികൾ മുഴക്കിയാണ് രക്തസാക്ഷി ദിനാചരണ ചടങ്ങുകൾക്കു തുടക്കം കുറിച്ചത്.
വി ശശി എം.എൽ.എ , മുൻ എം.എൽ.എ അഡ്വ.ബി സത്യൻ, ജില്ലാ പഞ്ചായത്തംഗം ആർ സുഭാഷ്, ഡോ.എം ജയപ്രകാശ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തിയ ചടങ്ങിന് അധ്യക്ഷത വഹിച്ചു. അസ്സോസിയേഷൻ പ്രസിഡന്റ് ജെ സലിം പതാക ഉയർത്തി. സെക്രട്ടറി ടി ഷാജു സ്വാഗതവും ന്യൂട്ടൻ അക്ബർ നന്ദിയും പറഞ്ഞു.