ആദ്യം ചുമതലകൾ, പിന്നീട് പാര്‍ട്ടി സ്ഥാനങ്ങൾ ; കോൺഗ്രസുകാരെ കൂടെകൂട്ടാന്‍ സിപിഎം

കോണ്‍ഗ്രസ് വിടുന്ന നേതാക്കളെ കൂടെകൂട്ടാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ തീരുമാനം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കെ.പി.അനില്‍കുമാറിനെ സിപിഎമ്മിലെത്തിച്ചത്. എന്നാല്‍ ഇങ്ങനെയെത്തുന്നവര്‍ക്ക് തുടക്കത്തില്‍ പാര്‍ട്ടി അംഗത്വമോ ഘടകമോ നല്‍കില്ല. പി.എസ്.പ്രശാന്തിനും കെ.പി.അനില്‍കുമാറിനും സിപിഎം അംഗത്വം നല്‍കിയിട്ടില്ല.
കേരളത്തില്‍ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാനുള്ള ഒരവസരവും വിട്ടുകളയരുതെന്നാണ് സിപിഎം തീരുമാനം.

കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കോണ്‍ഗ്രസിലെ സംഭവവികാസങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. കോണ്‍ഗ്രസ് വിടുന്നവരില്‍ നിന്നും ഇടഞ്ഞുനില്‍ക്കുന്നവരില്‍ നിന്നും അനുയോജ്യരായവരെ പരമാവധി സിപിഎമ്മിലേക്ക് ആകര്‍ഷിക്കണമെന്നാണ് സെക്രട്ടേറിയറ്റ് എടുത്ത തീരുമാനം.
എന്നാല്‍ ഇവരെ നേരിട്ട് പാര്‍ട്ടി മെമ്പര്‍ഷിപ്പിലേക്ക് കൊണ്ടുവരില്ല. പാര്‍ട്ടി സ്ഥാനങ്ങളും ഉടന്‍ നല്‍കില്ല. പകരം വര്‍ഗബഹുജന സംഘടനകളില്‍ ഉള്‍പ്പെടുത്തും. കോണ്‍ഗ്രസ് വിട്ടുവരുന്നവരുടെ താല്‍പര്യം കൂടി പരിഗണിച്ച് ട്രേഡ് യൂണിയനുകള്‍, കര്‍ഷക സംഘം, യുവജന സംഘടനകള്‍ തുടങ്ങിയവയില്‍ സ്ഥാനം നല്‍കും. പുറമെ പാര്‍ലമെന്‍ററി സ്ഥാനങ്ങളിലേക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ തലപ്പത്തേക്കും അവസരമുണ്ടാകുമ്പോള്‍ പരിഗണിക്കാം.

സിപിഎമ്മിലേക്ക് വരാന്‍ സന്നദ്ധരായുള്ളവരെ ഇക്കാര്യം ആദ്യം തന്നെ ബോധ്യപ്പെടുത്തും. പീലിപ്പോസ് തോമസിനെ കെ.എസ്.എഫ്.ഇ ചെയര്‍മാനാക്കിയത് സമീപകാല ഉദാഹരണമാണ്. സിപിഎമ്മിനൊപ്പമെത്തിയ നേതാക്കള്‍ക്ക് വെറുതെ നില്‍ക്കേണ്ട സാഹചര്യമുണ്ടാക്കരുതെന്നും സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
ഇത് കൂടുതല്‍ പേരെ സിപിഎമ്മിലേക്ക് ആകര്‍ഷിക്കാനുതകുമെന്നാണ് കണക്കുകൂട്ടല്‍. താല്‍പര്യം പ്രകടിപ്പിക്കുന്ന എല്ലാവര്‍ക്കും പരിഗണന നല്‍കേണ്ടതില്ല. സിപിഎമ്മുമായി യോജിച്ചു പോകുമോ എന്നതിനാണ് പ്രഥമ പരിഗണന. എന്നാല്‍ നേതാക്കളുടെ പിന്നാലെ പോയി സിപിഎമ്മിലേക്ക് ആകര്‍ഷിക്കേണ്ട സാഹചര്യമില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.