കോൺഗ്രസ് വിട്ട അനിൽകുമാർ സിപിഎമ്മിൽ


തിരുവനന്തപുരം ∙ കെപിസിസി ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാർ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നു. അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണു തീരുമാനം. തിരുവനന്തപുരം പാളയത്തെ ഹോട്ടലിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അനിൽകുമാർ കോൺഗ്രസിൽനിന്നു രാജി പ്രഖ്യാപിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും രാജിക്കത്ത് ഇമെയിലായി അയച്ചെന്നും അനിൽകുമാർ പറഞ്ഞു.

ഇതിനു പിന്നാലെ എകെജി സെന്ററിൽ എത്തിയ അനിൽകുമാറിനെ, മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ചു. നേരത്തേ കോൺഗ്രസ് വിട്ടു സിപിഎമ്മിൽ ചേർന്ന പി.എസ്.പ്രശാന്തിനൊപ്പമാണ് അനിൽകുമാർ എകെജി സെന്ററിൽ എത്തിയത്. ഉപാധികളില്ലാതെയാണ് സിപിഎമ്മിലേയ്ക്കു പോകുന്നതെന്ന് അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പരസ്യപ്രസ്താവന നടത്തിയ അനിൽകുമാറിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. ഇതിനുശേഷവും അദ്ദേഹം പരസ്യപ്രസ്താവന നടത്തി. അനിൽകുമാറിന്റെ വിശദീകരണം നേതൃത്വത്തിനു തൃപ്തികരമായിരുന്നില്ല. അതിനാൽ കടുത്ത നടപടി ഉണ്ടായേക്കുമെന്നു റിപ്പോർട്ടു പുറത്തുവന്നതിനു പിന്നാലെയാണ് അനിൽകുമാർ പാർട്ടിവിടുന്നതായി അറിയിച്ചത്.

പാർട്ടിയിൽ നീതി നിഷേധിക്കപ്പെടുമെന്ന് ഉത്തമ ബോധ്യമുള്ളതിനാലാണ് രാജിവയ്ക്കാൻ തീരുമാനിച്ചതെന്ന് അനിൽകുമാർ പറഞ്ഞു. തന്റെ രക്തത്തിനായി ദാഹിക്കുന്നവർ പാർട്ടിയിലുണ്ട്. പിന്നില്‍നിന്ന് കുത്തേറ്റു മരിക്കാന്‍ തയാറല്ലെന്ന് അദ്ദേഹം പറഞ്ഞു.

43 വര്‍ഷത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനമാണ് അവസാനിപ്പിക്കുന്നത്. നാലാം ക്ലാസില്‍ തുടങ്ങിയതാണ് കോണ്‍ഗ്രസ് രാഷ്ട്രീയം. താന്‍ അധ്യക്ഷനായിരിക്കെ യൂത്ത് കോണ്‍ഗ്രസിനെ ഗ്രൂപ്പില്ലാതെ കൊണ്ടുനടന്നു. തുടര്‍ന്ന് അഞ്ച് വര്‍ഷം പദവിയില്ലാതെ ഇരുന്നത് അതിന്റെ തിക്തഫലമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂര്‍ക്കാവില്‍ പരിഗണിച്ചത് കൊയിലാണ്ടിയില്‍ സീറ്റ് തരാതിരിക്കാനുള്ള അടവായിരുന്നെന്നും അനിൽകുമാർ ആരോപിച്ചു.