റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പ് തിരുവനന്തപുരത്തും

തിരുവനന്തപുരം : റഷ്യയിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇന്ന് തിരുവനന്തപുരം വോട്ട് ചെയ്യും! കേരളത്തിലുള്ള റഷ്യൻ പൗരൻമാരാണ് ഇവിടുത്തെ വോട്ടർമാർ. പോളിങ് സ്റ്റേഷൻ വാൻ റോസ് ജംക്‌ഷനിലെ റഷ്യൻ കോൺസുലേറ്റ് ഓഫിസ്. ബൂത്തും ബാലറ്റ് പെട്ടിയുമെല്ലാം സജ്ജമായി. ബാലറ്റ് പേപ്പറും എത്തി. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെയാണു വോട്ടെടുപ്പ്. 
പാസ്പോർട്ടാണ് തിരിച്ചറിയൽ രേഖ. റഷ്യൻ പാസ്പോർട്ടുമായി വരുന്നവർക്ക് വോട്ട് ചെയ്യാം. വിനോദ സഞ്ചാരികൾ ഉൾപ്പെടെ കേരളത്തിലാകെ നൂറോളം റഷ്യക്കാരാണുള്ളതെന്ന് തിരുവനന്തപുരത്തെ റഷ്യൻ കോൺസലും റഷ്യൻ ഹൗസ് ഡയറക്ടറുമായ രതീഷ് സി.നായർ പറഞ്ഞു. ഇതിൽ തിരുവനന്തപുരത്തുള്ള മുപ്പതോളം പേർ മാത്രമേ വോട്ട് ചെയ്യാനെത്തുകയുള്ളൂവെന്നാണ് കണക്കുകൂട്ടൽ. കോവളം, വർക്കല എന്നിവിടങ്ങളിലാണ് ഇവർ തങ്ങുന്നത്. 

റഷ്യൻ പാർലമെന്റായ ‘ദുമ’യിലെ 450 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണിപ്പോൾ നടക്കുന്നത്. ഇതിൽ മണ്ഡല അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന പകുതി(225) സീറ്റിൽ റഷ്യയിലുള്ളവർക്കു മാത്രമാണ് വോട്ടവകാശം. ബാക്കി 225 സീറ്റിൽ ദേശീയ അംഗീകാരമുള്ള 14 പാർട്ടികളാണ് മത്സരിക്കുന്നത്. ഈ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിലാണ് റഷ്യൻ പൗരൻമാർ ഉള്ള വിദേശ രാജ്യങ്ങളിലും വോട്ടെടുപ്പ്. 
ഓരോ പാർട്ടിക്കും കിട്ടുന്ന വോട്ടിങ് ശതമാനത്തിന്റെ അടിസ്ഥാനത്തിൽ 225 സീറ്റുകൾ വിഭജിക്കും. അതിലേക്കുള്ള പ്രതിനിധികളെ ആ പാർട്ടി നിശ്ചയിക്കും. ആകെ സീറ്റിൽ ഭൂരിപക്ഷം നേടുന്ന പാർട്ടി ഭരണത്തിലെത്തും. 17 മുതൽ 19 വരെയാണ് റഷ്യയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യയിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, കൂടംകുളം, പോണ്ടിച്ചേരി എന്നിവിടങ്ങളിലും റഷ്യൻ വോട്ടെടുപ്പുണ്ട്. റഷ്യൻ ഭാഷയിലുള്ള ബാലറ്റിൽ ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യയുടെ ചിഹ്നം കരടിയാണ്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് റഷ്യയും ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുമാണ് മുഖ്യ പ്രതിപക്ഷ കക്ഷികൾ. പഴയ കമ്യൂണിസ്റ്റ് റഷ്യയുടെ സ്മരണ നിലനിർത്തി രണ്ട് അരിവാൾ ചുറ്റിക ചിഹ്നം പാർട്ടികളുണ്ട് ബാലറ്റിൽ.