ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർയാത്രിക മരിച്ചു

നെടുമങ്ങാട് : ടിപ്പർലോറി സ്കൂട്ടറിന്റെ പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന വീട്ടമ്മ തെറിച്ച് വീണ് മരിച്ചു. ഭർത്താവ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കരകുളം ഏണിക്കര സൂര്യ ഗാർഡൻ രാകേന്തു വീട്ടിൽ രാജേശ്വരിയമ്മ (62) ആണ് മരിച്ചത്.
ഭർത്താവ് കെഎസ്ആർടിസി റിട്ട ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രന്(ശശി) ആണ് പരുക്കേറ്റത്.ഇന്നലെ വൈകിട്ട് 3.30 മണിയോടെ കല്ലമ്പാറയിൽ ആയിരുന്നു അപകടം. ഇരുവാഹനങ്ങളും പഴകുറ്റി ഭാഗത്തേക്കു പോവുകയായിരുന്നു. രാജേശ്വരിയമ്മയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. 
ടിപ്പർ ലോറി ഡ്രൈവർ ആനാട് മുണ്ടൂർക്കോണം സ്വദേശി പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാജശ്രീ, ഗീതാകൃഷ്ണൻ നായർ, എന്നിവർ മക്കളും ബിനുകുമാർ, അശ്വതി എന്നിവർ മരുമക്കളും ആണ്.മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുത്തേക്കും.