ഭക്ഷണത്തിലും മതം കലർത്തുന്ന കരവാരം ഭരണസമിതി


ചില വിശേഷദിവസങ്ങളിൽ നാം കാണുന്ന കാഴ്ചയാണ് ആടുമാടുകളുടെ ഇറച്ചിയും കോഴിയിറച്ചിയും ഒക്കെ വാങ്ങാൻ ക്യൂ നിൽക്കുന്ന ജനങ്ങളെ. ഒരു കിലോമീറ്ററിനുള്ളിൽ നാലും അഞ്ചും കോഴി ഇറച്ചിക്കടകൾ ആണ് ഇന്ന് നിലവിലുള്ളത്. ഇതിന് പുറമെയാണ് വിശേഷദിവസങ്ങളിൽ ആടുമാടുകളെ കൊന്നു കൊണ്ടുള്ള ഇറച്ചി വിൽപനയും. ആട് പോത്ത് തുടങ്ങിയ നമ്മുടെ മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണവിഭവങ്ങൾ തന്നെയാണ് ഉദ്ദേശിക്കുന്നത്. ഈ ആടുമാടുകളെ വെട്ടുന്ന സാഹചര്യങ്ങൾ ശ്രദ്ധിക്കണം നമ്മൾ ഓരോരുത്തരും. വയലിനു കരയിലും ചാണക പുരയിലും റോഡിന്റെ സൈഡിലും ഒക്കെ ആയി വൃത്തിഹീനമായ സാഹചര്യങ്ങളിൽ ആണ് ഇറച്ചിവെട്ട് നടക്കുക.  പല അസുഖങ്ങൾ ബാധിച്ച് ഭക്ഷണ യോഗ്യമല്ലാത്ത ആടുമാടുകളെയും ഇതിനിടയിൽ കൂടി കൊന്ന നല്ല ഇറച്ചിയുടെ കൂടെ മിക്സ് ചെയ്തു തരുന്നത്  നാടൊട്ടുക്ക് പാട്ടാണ്. കൊല്ലുന്നതിന്റെ തലേദിവസം കാശാപ്പ്കാരൻ കലക്കിയ കാരവെള്ളം കുടിപ്പിച്ച് ഇറച്ചിയുടെ ഭാരം കൂട്ടുന്ന ചില തറ വേലകൾ നമ്മൾ കേട്ടിട്ടുണ്ട്. ഇതിനൊക്കെ പരിഹാരമാണ് കഴിഞ്ഞ് ജില്ലാ പഞ്ചായത്ത് ഭരണസമിതി ആവിഷ്കരിച്ച ആധുനിക സ്ലോട്ടർ ഹൗസ് എന്ന മാതൃക പദ്ധതി. വെട്ടാനുള്ള ആടുമാടുകളെ സ്ലോട്ടർ ഹൗസിൽ കൊണ്ടുവന്ന് അവിടെയുള്ള ആരോഗ്യ വിദഗ്ധൻ അവയെ പരിശോധിച്ച് കഴിക്കാൻ യോഗ്യമാണ് എന്ന് ഉറപ്പുവരുത്തി അവിടെവച്ചുതന്നെ ആ മൃഗങ്ങളെ കശാപ്പ് ചെയ്ത് അതിനെ വൃത്തിയുള്ള സാഹചര്യങ്ങളിൽ വച്ച് ചെറിയ ചെറിയ കഷണങ്ങൾ ആക്കി മാറ്റി ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ അടിസ്ഥാനം. ആധുനിക സ്ലോട്ടർ ഹൗസുകൾ നിലവിൽ വന്നാൽ അവിടെനിന്നുള്ള ഇറച്ചി മാത്രമേ പഞ്ചായത്ത് വാർഡുകളിൽ വിതരണം ചെയ്യാൻ കഴിയുകയുള്ളൂ. രണ്ട് കോടി രൂപയുടെ ബൃഹത് പദ്ധതിയാണ് ജില്ലാപഞ്ചായത്ത് ഇതിനായി തയ്യാറാക്കിയത് ഒരു കോടി രൂപയുടെ കെട്ടിട വർക്കുകൾ ചെയ്തു കഴിഞ്ഞിട്ടുണ്ട്. 75 ലക്ഷം രൂപയുടെ യന്ത്രവൽകൃത സാധനസാമഗ്രികൾ അതിന്റെ ടെൻഡർ നടപടി അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ സമയത്താണ് പഞ്ചായത്തിൽ പുതുതായെത്തിയ ഭരണസമിതി ആഹാരത്തിൽ രാഷ്ട്രീയവും മതവും കൂട്ടിക്കലർത്തുന്നത്. ആലംകോട് വഞ്ചിയൂർ മേഖലകളിൽ ഇറച്ചി മത്സ്യ വ്യാപാരം നടത്തുന്നതിൽ ഭൂരിഭാഗം ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ടവർ ആണത്രേ. അതുകൊണ്ടുതന്നെ സ്ലോട്ടർ ഹൗസ് കരവാരം പഞ്ചായത്തിൽ അനുവദിക്കുകയില്ല എന്നും ആധുനിക സ്ലോട്ടർ ഹൗസ് നിർമ്മാണം തടയുമെന്നും ആണ് നിലവിലെ പഞ്ചായത്ത് ഭരണസമിതി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരുപക്ഷേ സംസ്ഥാനത്തിനു തന്നെ മാതൃകയായി വന്നേക്കാവുന്ന ആധുനിക സ്ലോട്ടർ ഹൗസും വൃത്തിയുള്ള ഭക്ഷണം കഴിക്കുക എന്ന് പൊതുജനങ്ങളുടെ അടിസ്ഥാന അവകാശവുമാണ് ഭരണസമിതിയുടെ തലതിരിഞ്ഞ ഈ നിലപാടുകൾ മൂലം നഷ്ടപ്പെടുന്നത്. നമ്മുടെ ആഹാരകാര്യത്തിൽ നിന്ന് എങ്കിലും ജാതിയും മതവും ഒഴിഞ്ഞു നിൽക്കണം എന്ന് ആഗ്രഹിക്കാൻ മാത്രമേ നമുക്ക് കഴിയുകയുള്ളൂ. എത്രയും വേഗം ഈ തലതിരിഞ്ഞ നിലപാടിൽനിന്ന് പഞ്ചായത്ത് ഭരണസമിതി പിന്മാറണമെന്നും വൃത്തിയുള്ള ആഹാരം കഴിക്കാനുള്ള കരവാരം പഞ്ചായത്തിലെ ജനങ്ങളുടെ അവകാശം സ്ഥാപിച്ചു കിട്ടണമെന്നും നമുക്ക് സ്വാഭാവികമായും ആഗ്രഹിക്കാൻ മാത്രമേ ഈ അവസരത്തിൽ കഴിയുകയുള്ളൂ.