കൊല്ലം കൊട്ടാരക്കരയിൽ സ്വകാര്യ ലാബിൽ നിന്ന് രണ്ടര ലക്ഷത്തോളം രൂപ കവർന്നു

കൊട്ടാരക്കര : നഗരമധ്യത്തിലുള്ള സ്വകാര്യ ലാബില്‍ നിന്ന് രണ്ടര ലക്ഷത്തോളം രൂപ കവര്‍ച്ച ചെയ്​തു. ലോക്കറില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. കൊട്ടാരക്കര വീനസ് മുക്കിന് സമീപമുള്ള ഡി.ഡി.ആര്‍.സിയുടെ ലാബില്‍ തിങ്കളാഴ്ച രാത്രിയിലാണ് കവര്‍ച്ച നടന്നത്.

ലാബിനുള്ളില്‍ കയറിയ മോഷ്ടാവ് മാനേജറുടെ മുറിയിലെ ലോക്കര്‍ തുറന്ന് പ്രത്യേക അറയില്‍ സൂക്ഷിച്ചിരുന്ന പണപ്പെട്ടി കൊണ്ടുപോവുകയായിരുന്നു. ലോക്കറിൻ്റെ താക്കോല്‍ എടുത്തിടത്തു തന്നെ വയ്ക്കുകയും ചെയ്തിട്ടുണ്ട്. 
സെക്യൂരിറ്റി ജീവനക്കാര്‍ വസ്ത്രം മാറുന്ന മുറി വഴിയാണ് കള്ളന്‍ രക്ഷപ്പെട്ടത്. കൊട്ടാരക്കര പൊലീസെത്തി പരിശോധന നടത്തി. നാലു ദിവസമായി ഇവിടുത്തെ സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രീയ അന്വേഷണത്തിനും തുടക്കമിട്ടു. 
കഴിഞ്ഞ കുറെ നാളുകളായി കൊട്ടാരക്കര മേഖലയില്‍ മോഷണം വര്‍ധിച്ചു വരുന്നുണ്ടെന്ന്​ പരാതി. കഴിഞ്ഞ ദിവസം റെയിന്‍ബോ നഗറില്‍ നാലു വീടുകളില്‍ മോഷണം നടന്നു. ഒരു മാസം മുന്‍പ് കിഴക്കേ തെരുവില്‍ അടച്ചിട്ടിരുന്ന വീട്ടില്‍ വന്‍ കവര്‍ച്ച നടന്നിരുന്നു. ഇവിടെ തന്നെ മറ്റൊരു വീട്ടിലും മോഷണം നടന്നു.