ഒട്ടനവധി പിടിച്ചുപറി , വധശ്രമകേസ്സുകളിൽ ഗുണ്ടാവിരുദ്ധ നിയമപ്രകാരം ജയിൽവാസം അനുഭവിച്ചിട്ടുള്ള കേസിലെ പ്രതി അറസ്റ്റിൽ

മംഗലപുരം : പിടിച്ചുപറി , കൂലിതല്ല് ,വധശ്രമം ഉൾപ്പെടെ നിരവധി കേസ്സുകളിലെ പ്രതിയായ കഴക്കൂട്ടം , മേനംകുളം ,ചിറ്റാറ്റ് മുക്കിൽ ലക്ഷംവീട് രണ്ടിലെ പഞ്ചായത്ത് ഉണ്ണി എന്ന് വിളിക്കുന്ന രതീഷിനെ ( 38) നെ മംഗലാപുരം പോലീസും , ഷാഡോ ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഓണനാളിൽ മുരുക്കുംപുഴ , കൊച്ച് തോപ്പ് പൗർണ്ണമിയിൽ ഷൈലജയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന് ഭീഷണിപ്പെടുത്തി വീടിന്റെ കാർപോർച്ചിൽ കിടന്ന കാറിന്റെ ഗ്ലാസ്സ് അടിച്ചു തകർത്ത കേസ്സിലാണ് ഇയാൾ അറസ്റ്റിലായത്. സംഭംവശേഷം ഒളിവിൽ പോയ പ്രതി കഴിഞ്ഞദിവസം വീണ്ടുമെത്തി കേസ്സ് പിൻവലിക്കാനായി വീട്ടുകാരെ ഭീഷണിപ്പെടുത്തുന്നതിനിടയിൽ ആണ് പോലീസിന്റെ പിടിയിൽ ആയത്. വാദിയെ ഭീഷണിപ്പെടുത്തിയതിലേക്ക് പ്രത്യേകകേസ്സും പോലീസ് രജിസ്ട്രർ ചെയ്തിട്ടുണ്ട്.

ഒട്ടനവധി പിടിച്ചുപറി , വധശ്രമകേസ്സുകളിലെ പ്രതിയും ഗുണ്ടാവിരുദ്ധ നിയമപ്രകാരം ജയിൽവാസം അനുഭവിച്ചിട്ടുള്ള ഇയാൾ നിലവിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി മുപ്പതിലധികം കേസ്സുകളിലെ പ്രതിയാണ്. ഈ വർഷം ആദ്യം കഴക്കൂട്ടത്തുള്ള വീട്ടിൽ അതിക്രമിച്ച് കടന്ന് ഗൃഹനാഥനെ ഭീഷണിപ്പെടുത്തി അക്രമം കാട്ടിയതിന് ഇയാൾക്കെതിരെ കഴക്കൂട്ടം പോലീസ് കേസ്സ് രെജിസ്ട്രർ ചെയ്ത് അന്വേഷണം നടത്തിയിരുന്നെങ്കിലും ഒളിവിലായിരുന്നതിനാൽ ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ലാ. കഴിഞ്ഞവർഷം കഠിനംകുളം പോലിസ് സ്റ്റേഷൻ പരിധിയിൽ വാഹനം തടഞ്ഞ് നിർത്തി നടത്തിയ പിടിച്ചുപറി നടത്തിയ കേസ്സിൽ ഒളിവിലായിരുന്ന ഇയാളെ അന്ന് അന്വേഷണ സംഘം ബാംഗ്ലൂരിലെ ഒളിത്താവളത്തിൽ നിന്ന് പിടികൂടി കുടുകയായിരുന്നു.

തുടർച്ചയായി സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഇയാളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി പി.കെ.മധു ഐ.പി.എസ്സിന്റെ നിർദ്ദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ഇയാൾക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നവരെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യാന്വേഷണത്തിലൂടെ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്ന് മംഗലാപുരം പോലീസ് ഇൻസ്പെക്ടർ എച്ച്.എൽ.സജീഷ് അറിയിച്ചു. അതിനുള്ള പ്രാരംഭ നടപടികളും ആരംഭിച്ചിട്ടുണ്ട്.
ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഡി.എസ്സ്.സുനീഷ് ബാബുവിന്റെയും മംഗലപുരം പോലീസ് ഇൻസ്പെക്ടർ എച്ച്.എൽ.സജീഷിന്റെയും നേതൃത്വത്തിൽ ഷാഡോ ,ഡാൻസാഫ് ടീമിലെ സബ്ബ് ഇൻസ്പെക്ടർ ഫിറോസ് ഖാൻ , എ.എസ്.ഐ മാരായ ബി.ദിലീപ് , ബിജുകുമാർ ,സി.പി.ഒ മാരായ അനൂപ് , ഷിജു , സുനിൽരാജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.