ചെങ്ങറ സമര നായകൻ ളാഹ ഗോപാലൻ മരണപ്പെട്ടു

ചെങ്ങറ ഭൂസമരത്തിന്റെ മുഖ്യസംഘാടകനും സാധു ജനവിമോചന നേതാവുമായ ശ്രീ.ളാഹ ഗോപാലന്റെ വേർപാട് കേരളത്തിലെ ദലിത്/ കീഴാള മുന്നേറ്റങ്ങൾക്ക് വലിയ ആഘാതമാണ്. 
ഭൂമിക്ക് വേണ്ടിയുള്ള സമരങ്ങളുടെ ചരിത്രത്തിൽ ഉജ്ജ്വലമായ അദ്ധ്യായങ്ങളിലൊന്നാണ് 2007 ൽ ളാഹ ഗോപാലന്റെ നേതൃത്വത്തിൽ സാധുജന വിമോചന മുന്നണി ആരംഭിച്ച ചെങ്ങറ ഭൂസമരം. നമ്മുടെ നടപ്പ് വികസന മാതൃകകളുടെ ഇരകളാക്കപ്പെടുന്ന മനുഷ്യർ അന്തസ്സുള്ള ജീവിതത്തിനും വിഭവങ്ങളിലും അധികാരത്തിലുമുള്ള അർഹമായ പങ്കാളിത്തത്തിനും വേണ്ടി നടത്തുന്ന സമരങ്ങളോട് പുറം തിരിഞ്ഞു നിൽക്കുകയാണ് ഭരണകൂടങ്ങളുടെ രീതി. ഈ അവഗണനകൾക്കെതിരായ പോരാട്ടം കൂടിയായിരുന്നു ളാഹ ഗോപാലന്റെ സമര രാഷ്ട്രീയ ജീവിതം. 

ഏതാനും ചില കുടുംബങ്ങൾക്കെങ്കിലും സ്വന്തമായൊരു തുണ്ടു ഭൂമിയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനായി എന്നതു മാത്രമല്ല, കാലാവധി കഴിഞ്ഞിട്ടും എസ്റ്റേറ്റ് കോർപ്പറേറ്റുകളും മറ്റും കൈവശം വെക്കുന്നതും  ഭൂമാഫിയ അന്യായമായി കയ്യേറിയതുമായ പതിനായിരക്കണക്കിന് ഏക്കർ ഭൂമിയെക്കുറിച്ച് , കേരളത്തിലെ ആദിവാസി/ദലിത്/ കീഴാള മേഖലകളിലെ ഭൂരഹിതരായ മനുഷ്യരെക്കുറിച്ച് വലിയ പൗരജാഗ്രത ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞ മുന്നേറ്റങ്ങളിൽ ഒന്നായിരുന്നു എന്നതും ചെങ്ങറ സമരത്തിന്റെ ചരിത്ര പ്രാധാന്യമാണ്. 

പട്ടയമേളകളും വാചകമേളകളും നടക്കുന്നു എന്നല്ലാതെ, കേരളത്തിലെ ഭൂമി പ്രശ്നത്തിനോ വികസന പദ്ധതികളാൽ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ ദുരിതങ്ങൾക്കോ ഇനിയും അറുതി വന്നിട്ടില്ല. കൊട്ടിഘോഷിക്കപ്പെടുന്ന കെ-റെയിലും,ദേശീയപാതാ വികസനവും അനിയന്ത്രിത ഖനനവുമടക്കം വൻകിട പദ്ധതികൾ നോട്ടമിട്ടു വച്ച പ്രദേശങ്ങളിൽ നിന്ന് ഭവനരഹിതരും ഭൂരഹിതരുമാക്കപ്പെടാൻ പോവുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ പോരാട്ടങ്ങളുടെ പേരിൽ ളാഹ ഗോപാലന് കേരളം അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കും. 

ആദരാഞ്ജലികൾ

Media 16