ആറ്റിങ്ങൽ: സെപ്റ്റംബർ 22, 23 തീയതികളിലായി നടക്കുന്ന സി.പി.എം അവനവഞ്ചേരി കിഴക്ക് ബ്രാഞ്ച് സമ്മേളനത്തോട് അനുബന്ധിച്ചാണ് പ്രവർത്തകർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായത്. ഇതിന്റെ ഉദ്ഘാടനം സി.പി.എം ഏരിയ സെന്റെർ അംഗവും നഗരസഭ മുൻ ചെയർമാനുമായ എം.പ്രദീപ് നിർവ്വഹിച്ചു. ഏരിയ കമ്മിറ്റി അംഗവും ജനപ്രതിനിധി കൂടിയായ ആർ.എസ്.അനൂപ്, ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ചന്ദ്രബോസ് എന്നിവർ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തി.
നഗരസഭ വാർഡ് 13 അമ്പലംമുക്ക് മുതൽ ഇണ്ടിളയപ്പൻ ക്ഷേത്രനട വരെയുള്ള പ്രദേശമാണ് ആധുനിക യന്ത്ര സംവിധാനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് കൊണ്ട് പ്രവർത്തകർ ശുചീകരിച്ചത്. കാലങ്ങളായി റോഡിന് ഇരുവശവും കാട് പിടിച്ച നിലയിലും, മഴ വെള്ളം ഒലിച്ച് പോകാനുള്ള ഓടയിൽ മാലിന്യം കൊണ്ട് നിറഞ്ഞ അവസ്ഥയിലുമായിരുന്നു. ഇവിടെ ഇഴജന്തുക്കളുടെയും മലിന ജലം കെട്ടി കിടന്ന് കൊതുകിന്റെയും ശല്യം ഒരുപോലെ നാട്ടുകാർക്ക് ഭീഷണി ഉയർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ബ്രാഞ്ച് അംഗങ്ങൾ, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, സി.ഐ.റ്റി.യു, മഹിളാ അസോസിയേഷൻ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വൃത്തിയാക്കിയത്. ഈ മേഖലയിൽ നിരവധി വീടുകൾ സ്ഥിതി ചെയ്യുന്നതിന് പുറമെ വിശ്വാസികൾക്ക് ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനുള്ള ഒരു പ്രധാന പാതയുമാണിത്. പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപയോഗ ശേഷം വലിച്ചെറിഞ്ഞ രീതിയിൽ പാതയോരത്ത് കണ്ടെത്തിയ മാസ്കുകളും പ്രവർത്തകർ പ്രത്യേകം ശേഖരിച്ചു. കൂടാതെ കൊവിഡ് പ്രതിരോധ സന്ദേശങ്ങൾ രേഖപ്പെടുത്തിയ പോസ്റ്ററുകളും ഈ പ്രദേശങ്ങളിൽ സ്ഥാപിച്ചു. ശുചീകരണ പ്രവർത്തനങ്ങളിൽ വനിതാ സഖാക്കളുടെ പങ്കാളിത്തവും ബ്രാഞ്ച് കമ്മിറ്റി ഉറപ്പ് വരുത്തി. ശുചീകരണ പ്രവർത്തനങ്ങളിലൂടെ ശേഖരിച്ച മാലിന്യവും ചവറുകളും പ്രദേശത്ത് നിന്ന് അടിയന്തിരമായി നീക്കം ചെയ്യുന്നതിന് നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടതായും ഭാരവാഹികൾ അറിയിച്ചു.
ബ്രാഞ്ച് സെക്രട്ടറി റ്റി.ദിലീപ് കുമാർ, ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അർജുൻ കല്ലിംഗൽ, മഹിളാ അസോസിയേഷൻ ഭാരവാഹികളായ പ്രസന്ന സുകുമാർ, സന്ധ്യ, സുലേഖ, അനിത, സിന്ദു, സി.ഐ.റ്റിയു ഭാരവാഹികളായ ആർ.എസ്. അരുൺ, സിനു, വിവേക്, അഖിൽ രാജ്, എസ്.എഫ്.ഐ പ്രവർത്തക അനുജ കെ ജയൻ, മുതിന്ന പ്രവർത്തകരായ സജി കല്ലിംഗൽ, നിസാം, ബഷീർ, അരവിന്ദാക്ഷൻ നായർ, കരമേൽ വിജയൻ തുടങ്ങിയവർ ശുചീകരണ സംഘത്തിന് നേതൃത്വം വഹിച്ചു.