കിളിമാനൂർ വെള്ളല്ലൂർ കൊപ്പത്തിൽ വീട്ടിൽ ലെനിൻ (27) ആണ് മരണമടഞ്ഞത്. ഒന്നര വർഷങ്ങൾക്ക് മുമ്പാണ് ലെനിന് അപകടം സംഭം വിച്ചത്. നഗരൂരിലെ പൗൾട്രീ ഫാം ജീവനക്കാരനായിരുന്ന ലെനിൻ കളക്ഷൻ എടുക്കാൻ വേണ്ടി ആറ്റിങ്ങലിലേയ്ക്ക് ബൈക്കിൽ പോകവെ വഞ്ചിയൂർ പുതിയതടം കയറ്റം തുടങ്ങുന്ന ഭാഗത്തു വെച്ച് അതേദിശയിൽ വന്ന കാർ ബൈക്കിൻ്റെ പുറകിൽ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം നിർത്താതെ പോയ കാറിനെ സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി നിരീക്ഷിച്ചു പോലീസ് കണ്ടെത്തുകയായിരുന്നു.
അപകടത്തെത്തുടർന്ന് കോമയിലായ ലെനിൻ കുറെ നാളുകൾക്ക് ശേഷം ശരീരത്തിൻ്റെ ചില ഭാഗങ്ങൾ അനക്കിയെങ്കിലും പൂർണ്ണമായും കിടപ്പിലാവുകയായിരുന്നു. നാല് മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ലെനിനെ സുഹൃത്തുക്കളാണ് പരിചരിച്ചത്. തുടർന്ന് വീട്ടിലെത്തിയ ലെനിനെ ചികിൽസയ്ക്കും മറ്റുമായി പുറത്തേയ്ക്ക് കൊണ്ടുപോകാൻ വിട്ടുകാർ നന്നേ വിഷമിച്ചു. ലെനിൻ്റെ കൊപ്പത്തിലുള്ള വീട്ടിലേയ്ക്ക് വാഹനസൗകര്യം ഒരുക്കാനുള്ള വഴി ഇല്ലാത്തതിനാൽ വെള്ളല്ലൂർ ആർത്തറയിൽ വീട് വാടകയ്ക്ക് എടുക്കുകയായിരുന്നു. ഇവിടെ ഒരു മുറി ലെനിനായി പ്രത്യേകം സജ്ജീകരിച്ച് അതിൽ എ.സിയും കിടപ്പു രോഗിയായതുകൊണ്ട് വാട്ടർബെഡും സജ്ജീകരിച്ച് ചികിൽസ നടത്തിവരുകയായിരുന്നു. വളരെ ചെറുതിലെ തന്നെ ലെനിൻ്റെ അമ്മ രാധാമണി മരിച്ചതിനാൽ കുഞ്ഞമ്മ സിന്ധുവും മകൻ ആരോമലും ചേർന്നാണ് ലെനിനെ പരിചരിച്ചിരുന്നത് . ഇന്നലെ രാത്രി ലെനിൻ ചില അസ്വസ്ഥകൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് കേശവപുരം കമ്യൂണിറ്റി ഹെൽത്ത് സെൻ്റെറിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമാർട്ടത്തിനായി മൃത്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. അചഛൻ ബാബു. ഏക സഹോദരനായ സ്റ്റാലിൻ വിദേശത്താണ്.