ന്യൂനമര്‍ദ്ദം അതിതീവ്രമായി, ആറു മണിക്കൂറിനകം ‘ഗുലാബ്’ ചുഴലിക്കാറ്റാകും; കനത്ത മഴയ്ക്ക് സാധ്യത

അതിശക്തമായ മഴയ്ക്ക് സാധ്യത: തിരുവനന്തപുരം കൊല്ലം ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലർട്ട്_*

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു. ആന്ധ്ര- ഒഡിഷ തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അടുത്ത 6 മണിക്കൂറില്‍ ശക്തിപ്രാപിച്ച് ഗുലാബ് ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചുഴലിക്കാറ്റിന്റെ ഫലമായി അടുത്ത നാലു ദിവസം സംസ്ഥാനത്ത് പരക്കെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ സെപ്റ്റംബര്‍ 25 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ശക്തമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പുറപ്പെടുവിച്ചു.

ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലും, തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച 10 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 27 ,28 തീയതികളില്‍ കേരള തീരത്ത് കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തി. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.