കിണറ്റില്‍ കല്ലിട്ട് തൊഴിലാളിയെ കൊല്ലാന്‍ ശ്രമം

തിരുവനന്തപുരം : പാറശ്ശാലയില്‍ കിണർ നിർമാണത്തിനിടെ തൊഴിലാളിയുടെ തലയിൽ കല്ലിട്ട് കൊല്ലാൻ ശ്രമിച്ചതായി പരാതി. പരിക്കേറ്റ ഉദയൻകുളങ്ങര സ്വദേശി സാബു എന്ന ഷൈൻ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സുഹൃത്തായ ബിനുവാണ് കല്ലെടുത്തിട്ടത്. ഫയർഫോഴ്സ് എത്തിയാണ് സാബുവിനെ രക്ഷിച്ചത്.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. വിജയകുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള കിണറിലായിരുന്നു ഷൈൻകുമാർ ജോലി ചെയ്തിരുന്നത്.

ഈ സമയത്താണ് ഷൈനിന്റെ സുഹൃത്തായ ബിനു 30 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് കല്ലെടുത്തിട്ട് ഓടി രക്ഷപ്പെട്ടത്. കൂലിത്തർക്കവുമായി ബന്ധപ്പെട്ട പ്രശ്നമാണ് പ്രകോപനത്തിന് പിന്നിലെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.

കഴിഞ്ഞ ദിവസം കൂലിത്തർക്കവുമായി ബന്ധപ്പെട്ട് ഇരുവരും വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. സാബുവിന്റെ തോളിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. സാബുവിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചത്. ഫയർഫോഴ്‌സ് എത്തിയാണ് സാബുവിനെ കിണറിൽ നിന്നും പുറത്തെടുത്തത്. ഇയാൾ ഇപ്പോൾ നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം ബിനുവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.