കെഎസ്ആർടിസി ബസിനു മാത്രം കിളിമാനൂർപാലത്തിൽ വിലക്ക്

കിളിമാനൂർ: ഭാഗികമായി ഗതാഗതത്തിന് തുറന്നു കൊടുത്ത കിളിമാനൂർ കൊച്ചു പാലത്തിൽ കെഎസ്ആർടിസി ബസിനു മാത്രം വിലക്ക്.നിർമാണം പൂർത്തിയാകാത്ത പാലം ഭാഗികമായി തുറന്നു കൊടുത്തത് കഴി‍ഞ്ഞ വെള്ളിയാഴ്ചയാണ്. ഇരുചക്രവാഹനങ്ങൾ, ഓട്ടോ, കാർ എന്നിവയ്ക്ക് മാത്രമാണ് അനുമതി നൽകിയത്. പരീക്ഷണാടിസ്ഥാനത്തിലാണെന്നും പാലം ഭാഗികമായി തുറന്ന വേളയിൽ എംഎൽഎ അറിയിച്ചിരുന്നു.. 

വലിയ വാഹനങ്ങൾ കടത്തി വിടാനും പാലം ഔദ്യോഗികമായി തുറക്കാനും ഇനിയും ആഴ്ചകൾ എടുക്കും.അതേ സമയം പിറ്റേദിവസം മുതൽ സ്വകാര്യ ബസുകളും ഭാരം കയറ്റിയ വാഹനങ്ങളും കൊച്ചു പാലത്തിൽ കൂടി .യഥേഷ്ടം കടന്നു പോകുന്നു. കെഎസ്ആർസി ബസുകൾ മാത്രം ഇപ്പോഴും പാപ്പാല, മലയാമഠം പുതിയകാവ് വഴിയാണ് സർവീസ് നടത്തുന്നത്. കിളിമാനൂർ, ആറ്റിങ്ങൽ, ചടയമംഗലം, പാലോട് ഡിപ്പോകളിൽ നിന്നും 15 ബസുകളാണ് ഇതുവഴി സർവീസ് നടത്തുന്നത്.

ഏപ്രിൽ 29ന് ആണ് പുതുക്കി പണിയുന്ന കൊച്ചു പാലത്തിന്റെ നിർമാണം തുടങ്ങിയത്.50 ദിവസം കൊണ്ടു നിർമാണം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉറപ്പ് നൽകിയാണ് പാലം തുടങ്ങിയത്. കോൺക്രീറ്റ് മാത്രം പൂർത്തിയാക്കി 135–ാം ദിവസം ആണ് പാലം ഭാഗികമായി തുറന്നത്. 

ഇപ്പോഴും നിർമാണം നടക്കുന്നതേയുള്ളു. 

പുതിയ പാലത്തിന്റെ നിർമാണത്തിന് പുറമേ കിളിമാനൂർ മുക്ക് റോഡ് മുതൽ പുതിയകാവ് വരെയുള്ള ടാറിങ് ശേഷിക്കുന്നു. പൊതുമരാമത്തിന്റെ വിലക്ക് തുടരുമ്പോൾ സ്വകാര്യ ബസുകളും ഭാരം കയറ്റിയ വാഹനങ്ങളും കൊച്ചു പാലത്തിൽ കൂടി കടന്നു പോകുന്നതിന് എതിരെ നടപടി എടുക്കേണ്ട മരാമത്ത് വകുപ്പ് (റോഡ്സ് വിഭാഗം) നിയമലംഘനം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കെഎസ്ആർടിസി ജീവനക്കാർ ആരോപിച്ചു.