നാടിനു നൻമ പകരുന്ന അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടിപോലീസ് ടീമിന് വീണ്ടും അംഗീകാരം. വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തി സംസ്ഥാനത്തെ മറ്റ് സ്കൂളുകൾക്ക് മാതൃകയായി മാറിയതിനാണ് തിരുവനന്തപുരം ജില്ലയിലെ മികച്ച സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റിനുള്ള എ പ്ലസ് പുരസ്കാരം സ്കൂളിന് ലഭിച്ചത്. അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ 2012 ലാണ് എസ്.പി.സി. പദ്ധതി ആരംഭിക്കുന്നത്. അക്കാഡമിക മികവ് പുലർത്തുന്നതിലുപരി സ്കൂളിന് സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ കഴിഞ്ഞതാണ് ഈ ഗ്രാമീണ വിദ്യാലയത്തിന് പുരസ്കാരം ലഭിക്കാൻ ഇടയാക്കിയത്. സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതി നിഷ്കർഷിക്കുന്ന പ്രവർത്തനങ്ങൾക്കു പുറമേ കാർഷിക രംഗത്തെ പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് മാലിന്യ നിർമാർജനമുൾപ്പെടെയുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ സ്വന്തം നിലയ്ക്ക് ഏറ്റെടുത്ത് നടപ്പിലാക്കി വിജയിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ കോവിഡ് കാലത്ത് ഒരു വയറൂട്ടാം പദ്ധതിയുടെ ഭാഗമായി രണ്ട് ഘട്ടമായി കോവിഡ് രോഗികൾക്കും തെരുവിൽ ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടുന്നവരുമായ ആയിരക്കണക്കിന് പേർക്ക് ഉച്ചഭക്ഷണപ്പൊതികൾ എത്തിച്ചു നൽകി. ഡിജിറ്റൽ പഠന സൗകര്യമില്ലാത്ത സഹപാഠികൾക്ക് സ്മാർട്ട്ഫോണുകൾ, ടെലിവിഷൻ സെറ്റുകൾ, വൈദ്യുതി കണക്ഷനുകൾ എന്നിവ എത്തിച്ചു നൽകുകയും ഒരു കുട്ടിയുടെ വാസയോഗ്യമല്ലാതിരുന്ന വീട് പുനർനിർമ്മിച്ചു നൽകുകയും ചെയ്തു. കോവിഡ് കാലത്ത് കേഡറ്റുകളുടെ സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി റേഡിയോ നൻമ എന്ന പേരിൽ ഓൺലൈൻ റേഡിയോ നടത്തി വരുന്നു. ഒപ്പം എന്ന പേരിൽ കോവിഡ് രോഗികൾക്ക് ടെലിഫോണിലൂടെ മാനസിക പിന്തുണ നൽകുന്ന പദ്ധതിയ്ക്ക് കേഡറ്റുകൾ നേതൃത്വം നൽകിവരുന്നു. കാർഷിക-മൃഗസംരക്ഷണ-ജീവകാരുണ്യ-പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് വിവിധ പുരസ്കാരങ്ങൾ ഇതിനു മുൻപും സ്കൂളിനെ തേടിയെത്തിയിട്ടുണ്ട്. നെടുമങ്ങാട് ഗവ.ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ ആദരം 2021 എന്ന പേരിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ വച്ച് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയിൽ നിന്ന് സ്കൂൾ പി.റ്റി.എ.പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, ഹെഡ്മിസ്ട്രസ് റ്റി.റ്റി.അനിലാറാണി, കമ്യൂണിറ്റി പോലീസ് ഓഫീസർ എൻ.സാബു എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. തിരുവനന്തപുരം റൂറൽ ജില്ലാ അഡി. സൂപ്രണ്ട് ഒഫ് പോലീസ് ഇ.എസ്.ബിജുമോൻ, ആറ്റിങ്ങൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ജെ.സിന്ധു, നെടുമങ്ങാട് ഐ.എസ്.എച്ച്.ഒ. രാജേഷ് കുമാർ, അസി. ജില്ലാ നോഡൽ ഓഫീസർ റ്റി.എസ്.അനിൽകുമാർ, സ്കൂൾ പ്രിൻസിപ്പാൾ എം.എൽ. മീന എന്നിവർ സംബന്ധിച്ചു. യോഗത്തിൽ വിരമിച്ച അധ്യാപകരേയും പോലീസ് ഉദ്യോഗസ്ഥരേയും ആദരിച്ചു. അവനവഞ്ചേരി ഗവ. ഹൈസ്കൂളിനൊപ്പം മികച്ച സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റിനുള്ള പുരസ്കാരം മികച്ച പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന വിതുര ഗവ. വൊക്കേഷണൽ ഹയർസെക്കൻ്ററി സ്കൂളും എ പ്ലസ് പുരസ്കാരം പങ്കുവച്ചു.