സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഒന്നാം വർഷ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് പട്ടിക ഓൺലൈനിൽ ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ലെന്ന് വിദ്യാർഥികൾ. അലോട്ട്മെന്റ് വിവരങ്ങൾക്ക് https://bit.ly/plus-one_admission എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഹയർ സെക്കൻഡറി പ്രവേശനം നാളെ രാവിലെ 9നും വി.എച്ച്.എസ്.ഇ പ്രവേശനം 10നും തുടങ്ങും. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ ഫസ്റ്റ് അലോട്ട്മെന്റ് റിസൾട്ട് എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന ലെറ്ററിലെ തീയതിയിലും സമയത്തും പ്രവേശനം ലഭിച്ച സ്‌കൂളിൽ രക്ഷിതാവിനൊപ്പം അസ്സൽ സർട്ടിഫിക്കേറ്റുകളുമായി ഹാജരാകണം. ഒന്നാമത്തെ ഓപ്ഷൻ ലഭിച്ചവർക്ക് ഫീസടച്ച് സ്ഥിര പ്രവേശനം നേടാം. മറ്റ് ഓപ്ഷനുകൾ ലഭിക്കുന്നവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം. താൽക്കാലികക്കാർക്ക് വേണ്ടിവന്നാൽ ഉയർന്ന ഓപ്ഷനുകളിൽ ചിലത് റദ്ദാക്കാം.
എന്നാൽ അലോട്ട്മെൻറ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. അതേസമയം ആദ്യം അനുവദിക്കപ്പെട്ട പ്രവേശന സമയത്ത് ഹാജരാകാൻ സാധിക്കാത്തവർക്ക് സ്‌കൂൾ പ്രിൻസിപ്പൽ നിർദേശിക്കുന്ന മറ്റൊരു സമയത്തെത്തി പ്രവേശനം നേടാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കൊറോണ മാനദണ്ഡം കൃത്യമായി പാലിച്ചുകൊണ്ടാണ് പ്രവേശനം. ഒരു വിദ്യാർത്ഥിയുടെ പ്രവേശന നടപടികൾപൂർത്തീകരിക്കുന്നതിനായി അനുവദിച്ചിരിക്കുന്ന സമയം 15 മിനിറ്റാണ്. വി.എച്ച്.എസ്.ഇ പ്രവേശനം 29നും ഹയർ സെക്കൻഡറി പ്രവേശനം ഒക്‌ടോബർ ഒന്നിനും അവസാനിക്കും.