കിളിമാനൂരിൽ വീഡിയോ ചിത്രീകരണത്തിനായി ബൈക്ക് അഭ്യാസം; വയോധികന് ഗുരുതര പരിക്ക്

ബൈക്ക് അഭ്യാസം നടത്തുന്നതിനിടെ ഉണ്ടായ അപകടത്തിൽ വയോധികന് ഗുരുതര പരിക്ക്. ചേണിക്കുഴി താഴ്‌വാരം വീട്ടിൽ ഭാസ്ക്കരപിള്ള (90)ക്കാണ് അപകടത്തിൽ പരിക്കേറ്റത്. മകളുടെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേയ്ക്ക് നടന്നു പോകുമ്പോഴായിരുന്നു അപകടം.കിളിമാനൂർ പോലീസ് സ്റ്റേഷൻ – തൊളിക്കുഴി റോഡിൽ രാവിലെയായിരുന്നു സംഭവം. അപകടത്തിൽ തലയ്ക്കും കാലിനും സ്പൈനൽ കോഡിനും ഗുരുതര പരിക്കേറ്റ വയോധികനെ സ്വകാര്യ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന പ്രദേശത്ത് അടുത്ത കാലത്തായി ഇത്തരം ബൈക്ക് അഭ്യാസങ്ങൾ നടക്കുന്നതായി നാട്ടുകാർ പോലിസിനും മോട്ടോർ വാഹന വകുപ്പിനും പരാതി നൽകിയിരുന്നു. അപകടകരമായ ഇത്തരം അഭ്യാസ പ്രകടനങ്ങൾക്കെതിരെ തിരുവനന്തപുരം നഗരത്തിൽ നടത്തിവന്ന ‘ഓപ്പറേഷൻ റാഷ് ‘ ജില്ലയിൽ ഉടനീളം വ്യാപിപ്പിച്ച് നടപടി ശക്തമാക്കുമെന്നും കുറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കുള്ള കർശന നടപടി സ്വീകരിക്കുമെന്നും എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ ജി.സാജൻ അറിയിച്ചു.