ആറ്റിങ്ങൽ കലാപത്തിൻ്റെ ദൃശ്യാവിഷ്കാരം Arteria 2021ൻ്റെ ഭാഗമായി ഒരുങ്ങുന്നു.

ആർട്ടീരിയ മൂന്നാം എഡിഷന്റെ ഭാഗമായി ആക്കുളത്ത് ഏകദേശം 900 അടി നീളമുള്ള ചുമരിൽ തെളിയുന്നത് ഒരു ചരിത്രകഥയാണ്. മൂന്നു നൂറ്റാണ്ടു മുൻപ് നടന്ന അഞ്ചുതെങ്ങ് കലാപത്തിന്റെ കഥ. ഒരുപക്ഷേ, ആർട്ടീരിയയിൽ ഏറ്റവുമധികം ശ്രദ്ധേയമായി മാറാൻപോകുന്നതും കഥപറയുന്ന ഈ ചുവരാകാം.
 
ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ ആസൂത്രിത സായുധ കലാപമായാണ് അഞ്ചുതെങ്ങ് കലാപം വിശേഷിപ്പിക്കപ്പെടുന്നത്. ആറ്റിങ്ങൽ കലാപമെന്നും അഞ്ചുതെങ്ങ് കലാപം ഇന്ന് അറിയപ്പെടുന്നുണ്ട്. മലഞ്ചരക്ക് കച്ചവടത്തിനായി തിരുവിതാംകൂറിലെത്തിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അടിച്ചമർത്തലുകൾക്കെതിരെ തദ്ദേശവാസികൾ കലാപം നടത്തിയത് 1721 ഏപ്രിൽ 15നായിരുന്നു. ആറ്റിങ്ങൽ റാണിയിൽ നിന്ന് 281 ഏക്കർ സ്ഥലം പതിച്ചുവാങ്ങി അഞ്ചുതെങ്ങിൽ കോട്ട നിർമിച്ച കമ്പനിക്കാർ, റാണിക്ക് സമ്മാനങ്ങളും വ്യാപാരക്കപ്പവുമായി പോകവേയാണ് മേജർ വില്യം ഗീഫോർഡിന്റെ നേതൃത്വത്തിലുള്ള 150ഓളം ബ്രിട്ടീഷ് പട്ടാളക്കാരെ തദ്ദേശീയർ ആക്രമിച്ചത്. മേജർ ഗീഫോർഡ് ഉൾപ്പെടെ 140 പട്ടാളക്കാർ ആ കലാപത്തിൽ കൊല്ലപ്പെട്ടു. മൃതദേഹങ്ങൾ നാട്ടുകാർ വാമനപുരം നദിയിലേക്കു വലിച്ചെറിഞ്ഞെന്നാണ് ചരിത്രം പറയുന്നത്.

ഈ കലാപത്തിന്റെ ദൃശ്യങ്ങൾ ചുമരിൽ വരയുന്നത് ചിത്രകലാവിദ്യാർഥികളായ അർജുൻ പനയാൽ, അജയ് കെ.പി, അഖിൽ വിനോദ്, രമിത് സി, രതീഷ് കുമാർ കെ.എസ്, സജിത് കെ, സ്‌റ്റെഫിൻ ടി.എസ്, തുഷാര ബാലകൃഷ്ണൻ, വിവേക് വി.സി. എന്നിവരാണെന്നതാണ് മറ്റൊരു പ്രത്യേകത. ദേശീയ പാത ബൈപ്പാസിൽ കുളത്തൂരിനും ലുലു മാളിനുമിടയിൽ കലയുടേയും ചരിത്രത്തിന്റെയും സുന്ദരദൃശ്യമായി ഇവിടം മാറുമെന്നതിൽ സംശയമില്ല. എതിര്‍വശത്തെ സര്‍വ്വീസ് റോഡില്‍ നിന്നുള്ള ഈ ചിത്രത്തിന്റെ കാഴ്ച ഒരു ഗ്യാലറിയില്‍ നിന്നുള്ള കാഴ്ചയുടെ ഫീലായിരിക്കും സമ്മാനിക്കുക.