60 ലക്ഷത്തിന്റെ സൈബർ തട്ടിപ്പ്; 10 വർഷത്തിന് ശേഷം പ്രതി പിടിയിൽ

കോടികൾ വില വരുന്ന വിദേശ ലോട്ടറി അടിച്ചെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ വയോധികയുടെയും കുടുംബത്തിന്റെയും 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവ്‌ 10 വർഷത്തിനുശേഷം പിടിയിൽ. ഗുജറാത്ത് കച്ച്‌ ജില്ലയിലെ ബൂച് ഗ്രാമത്തിലെ നവീൻ ബാലുശാലിയെയാണ്‌ (35) മുംബൈയിലെ ഒളിത്താവളത്തിൽനിന്ന്‌ കേരള പൊലീസ് സംഘം സാഹസികമായി പിടികൂടിയത്. 2012ൽ തൃപ്പൂണിത്തുറ പള്ളിപ്പറമ്പിൽ താമസിച്ചിരുന്ന ലക്ഷ്‌മി രാമനെയും കുടുംബത്തെയുമാണ്‌ നവീൻ കബളിപ്പിച്ചത്‌.
വിദേശ ലോട്ടറി അടിച്ചെന്ന്‌ ഇ–-മെയിൽ അയച്ചശേഷം പണം ലഭിക്കുന്നതിനുള്ള വിവിധ സർവീസ് ചാർജുകളെന്ന പേരിലായിരുന്നു 60 ലക്ഷം തട്ടിയെടുത്തത്‌. ബാങ്ക് ഇടപാടുകൾ, ഫോണിൽ ഉപയോഗിച്ച സിം കാർഡുകളുടെ ടവർ ലൊക്കേഷൻ എന്നിവ പരിശോധിച്ചാണ്‌ സൈബർ പൊലീസ് സംഘം നവീനെ കുടുക്കിയത്‌.
21 തവണ ഐസിഐസിഐ ബാങ്ക് വഴിയും ഒരുതവണ എസ്ബിഐ അക്കൗണ്ട് വഴിയുമാണ് 60 ലക്ഷം രൂപ നവീനും സംഘവും തട്ടിയെടുത്തത്. ഇതിനായി പണം കണ്ടെത്താൻ സമ്പാദ്യങ്ങളും വീടും സ്ഥലവും വിറ്റു. ഒടുവിൽ പലിശയ്‌ക്ക് പണം വാങ്ങി തെരുവാധാരമായ കുടുംബം വാടകവീട്ടിലാണ് ഇപ്പോൾ താമസം.
മുംബൈയിൽ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ്‌ രാമൻ വിരമിച്ചശേഷമാണ്‌ ലക്ഷ്‌മി സ്വദേശമായ തൃപ്പൂണിത്തുറയിൽ താമസമാക്കിയത്‌. കേസിൽ അന്വേഷണം നടക്കുന്നതിനിടെ രാമൻ മരിച്ചു. കൊച്ചി സിറ്റി പൊലീസ് അന്വേഷിച്ചുതുടങ്ങിയ കേസ് 2019ലാണ് സൈബർ പൊലീസിന്‌ കൈമാറിയത്.
ബാന്ദ്രയിലെ അഡീഷണൽ മെട്രോപൊളിറ്റൻ കോടതിയിൽനിന്ന്‌ ട്രാൻസിറ്റ്‌ വാറന്റ്‌ വാങ്ങി നവീനെ കൊച്ചിയിലെത്തിച്ചു. കേസിൽ ചെന്നൈ, ജാർഖണ്ഡ്‌ സ്വദേശികളെക്കൂടി പിടികൂടാനുണ്ടെന്ന്‌ സൈബർ ക്രൈം പൊലീസ്‌ ഇൻസ്‌പെക്ടർ കെ എസ്‌ അരുൺ പറഞ്ഞു.
2012 മുതൽ 2019 വരെ ഹിൽപാലസ്‌ പൊലീസും പിന്നീട്‌ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ്‌ പിന്നീട്‌ സൈബർ പൊലീസ്‌ ഏറ്റെടുത്തു. കോവിഡ്‌ സാഹചര്യം അന്വേഷണത്തെ ബാധിച്ചു. പ്രതിയെ തൃപ്പൂണിത്തുറ പൊലീസിന്‌ കൈമാറും.