സംസ്ഥാനത്ത് നാളെ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താല്‍; എല്ലാ സേവനങ്ങളും മുടങ്ങും

തൊഴിലാളി സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദ് കേരളത്തില്‍ ഹര്‍ത്താലിന് സമാനമാകും. ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചതിനാല്‍ കേരളം നിശ്ചലമാകാനാണ് സാധ്യത. സംസ്ഥാനം അടഞ്ഞ് രാവിലെ ആറ് മണി മുതല്‍ വൈകീട്ട് 6 മണിവരെയാണ് ഹര്‍ത്താല്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍, പൊതുപരിപാടികള്‍, മറ്റ് ചടങ്ങുകള്‍ എന്നിവ ഉണ്ടാകില്ല. 

അതേസമയം, പാല്‍, പത്രം, ആംബുലന്‍സ്, മരുന്ന് വിതരണം, ആശുപത്രി പ്രവര്‍ത്തനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് സര്‍വീസുകള്‍ തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി. ഹര്‍ത്താല്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്നും ഹര്‍ത്താലില്‍ പങ്കെടുക്കാത്തവര്‍ക്ക് ജോലി ചെയ്യാനും സഞ്ചരിക്കാനുമുള്ള സൗകര്യം ഒരുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.

ഹർത്താലിൻ്റെ പശ്ചാത്തലത്തില്‍ തീങ്കളാഴ്ച സാധാരണ സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു. യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകാന്‍ സാധ്യത ഇല്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലും സാധാരണഗതിയില്‍ നടത്തുന്ന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് മാനേജിങ് ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 

ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കമുള്ള എല്ലാ സര്‍വീസുകളും തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് ശേഷം വിവിധ ഡിപ്പോകളില്‍ നിന്നും ആരംഭിക്കും. യാത്രക്കാരുടെ എണ്ണം കൂടുതലുണ്ടെങ്കില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി ബസുകളും ജീവനക്കാരെയും യൂണിറ്റുകളില്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് സിഎംഡി പറഞ്ഞു.