45-ാമത് ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ലഖ്നൗവിൽ ചേരും; പ്രതീക്ഷയോടെ ജനങ്ങൾ

കൊവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് ജിഎസ്ടി കൗൺസിൽ യോഗം നേരിട്ട് ചേരുന്നത്. പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തണമോയെന്നത് യോഗം ചർച്ച ചെയ്തേക്കും. പെട്രോൾ, ഡീസൽ, പ്രകൃതി വാതകം, വിമാന ഇന്ധനം എന്നിവ ജിഎസ്ടിയിൽ ഉൾപ്പെടുത്തി വില കുറക്കാനുള്ള ചരിത്രപരമായ തീരുമാനം കൗൺസിലിൽ ഉണ്ടാകുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.
കേരളം എതിർപ്പ് ഉന്നയിച്ച വെളിച്ചണ്ണയുടെ ജിഎസ്ടി നിരക്ക് ഉയർത്തുന്നതും യോഗം ഇന്ന് പരിഗണിക്കും. ഓൺലൈനിലൂടെ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ജിഎസ്ടി ചുമത്തണമെന്ന ആവശ്യവും കൗൺസിലിന് മുന്നിലുണ്ട്. ധനമന്ത്രി കെ. എൻ ബാലഗോപാൽ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ജിഎസിടിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം ഉണ്ടാവുകയാണെങ്കിൽ രാജ്യത്ത് പെട്രോളിന് 75 ഉം ഡീസലിന് 68 രൂപയായെങ്കിലും കുറയും. നിലവിൽ രാജ്യത്ത് നൂറ് കടന്ന ഇന്ധന വില ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.