ഹർത്താൽ:സെപ്റ്റംബർ 27ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി

തിരുവനന്തപുരം; സംസ്ഥാനത്ത് തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിവിധ പരീക്ഷകള്‍ മാറ്റി. സെപ്റ്റംബർ 27നു നിശ്ചയിച്ചിരുന്ന കാലിക്കറ്റ്, കൊച്ചി സര്‍വകശാലകളുടെ പരീക്ഷകളാണ് മാറ്റിയത്. പിഎസ് സി നടത്താനിരുന്ന വകുപ്പു തല പരീക്ഷകളും മാറ്റി.

എംജി സര്‍വകലാശാല ഇന്നോ നാളെയോ പരീക്ഷയില്‍ തീരുമാനമെടുക്കുമെന്നും അറിയിച്ചു. ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമ 5,6 സെമസ്റ്റര്‍ പരീക്ഷകള്‍ ഒക്ടോബര്‍ ഏഴിലേക്കും ഫുഡ് ക്രാഫ്റ്റ് കോഴ്സ് പരീക്ഷകള്‍ ഈ മാസം 30ലേക്കും മാറ്റി.

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ടാണ് രാജ്യവ്യാപക സമരം നടക്കുന്നത്. എല്‍ഡിഎഫിന് പിന്നാലെ ഹര്‍ത്താലിന് യുഡിഎഫും പിന്തുണ നല്‍കി. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നുണ്ട്. രാവിലെ ആറു മുതല്‍ ആറു വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങില്ലെന്നും, കടകള്‍ തുറക്കില്ലെന്നും ട്രേഡ് യൂണിയനുകള്‍ അറിയിച്ചു. ഹര്‍ത്താലിന്റെ ഭാഗമായി സ്ഥാനത്ത് 27ന് രാവിലെ എല്ലാ തെരുവുകളിലും പ്രതിഷേധ ശൃംഖല സംഘടിപ്പിക്കും. പത്ത് മാസമായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന് പരിഹാരം കാണാന്‍ ശ്രമിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയാണ് കര്‍ഷകസംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.