ഒരു ദിർഹത്തിന് 24.73 രൂപ; എക്സ്ചേഞ്ചുകാർക്ക് നിക്കപ്പൊറുതിയില്ലാതായി

ഇന്ത്യ, പാക്കിസ്ഥാൻ രാജ്യങ്ങളുടെ രൂപയുടെ മൂല്യം ഗൂഗിൾ കുത്തനെ കൂട്ടി, ഇതോടെ മണി എക്സ്ചേഞ്ചുകാർക്ക് നിക്കപ്പൊറുതിയില്ലാതായി. ഇന്ന് ഉച്ചയോടെയാണ് ഗൂഗിളിൽ യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം വർധിപ്പിച്ചത്. ഒരു ദിർഹത്തിന് 24.73 രൂപയെന്നാണ് കാണിച്ചത്. പാക്കിസ്ഥാൻ രൂപയാണെങ്കിൽ 51 വരെയും. യുഎഇ സമയം വൈകിട്ട് 3.45 വരെ ഈ തെറ്റ് തിരുത്തിയിട്ടില്ല.
യഥാർഥത്തിൽ ഇന്ന് വിവിധ മണി എക്സ്ചേഞ്ചുകളിലെ റേറ്റ് ഒരു ദിർഹത്തിന് 19.90 രൂപയാണ്. പാക്കിസ്ഥാൻ രൂപ 45.95 രൂപയും. മൂല്യം റോക്കറ്റ് പോലെ ഉയർന്നത് കണ്ട് മലയാളികളടക്കമുള്ളവർ പരിഭ്രാന്തരായി. പലരും ഉടൻ തന്നെ തങ്ങളുടെ പണം അയക്കാനായി ബാങ്കുകളുടെ ആപ്ലിക്കേഷൻ തുറന്നപ്പോഴാണ് മനസിലായത് ‘ഗൂഗിൾ’ ചതിച്ചതാണെന്ന്.
ബാങ്കിൽ പരിശോധന നടത്താതെ ചിലർ ആവേശം കൊണ്ടതോടെ വിവിധ മണി എക്സ്ചേഞ്ചുകളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും ടെലിഫോണിനും വിശ്രമമില്ലാതായി. മൂല്യം വർധിച്ചത് ശരിയാണോ എന്നല്ല, എക്സ്ചേഞ്ചിൽ കാര്യമായ തിരക്കുണ്ടോ എന്നായിരുന്നു പലർക്കും അറിയേണ്ടിയിരുന്നത്. കുറേ സമയമായി മറുപടി പറഞ്ഞ് മടുത്തതായി ഷാർജയിലെ അൽ റുസുക്കി മണി എക്സ്ചേഞ്ചിൽ ജോലി ചെയ്യുന്ന രവി പറഞ്ഞു. ഗൂഗിളിന് സംഭവിച്ച തെറ്റാണെന്ന് പറഞ്ഞിട്ടും പലർക്കും അത് വിശ്വസിക്കാനായില്ല. ഇപ്പോഴും അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.