"മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന് പഠിപ്പിച്ച, ജാതി- മതങ്ങൾക്കതീതമായി മനുഷ്യനും മനുഷ്യത്വത്തിനും പരമ പ്രാധാന്യം നൽകിയ വിശ്വ ഗുരുവിന് പ്രണാമം അർപ്പിക്കുന്നു. മീഡിയ16
ശ്രീനാരായണ ഗുരുവിൻറെ മഹാ സമാധി ദിനം ഇന്ന്
ശ്രീനാരായണ ഗുരുവിന്റെ 94 ാമത് മഹാസമാധി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് ആചരിക്കും. എസ്.എൻ.ഡി.പി യോഗം ശാഖകളുടെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ ഗുരുമന്ദിരങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന പ്രാർത്ഥനകളാണ് പ്രധാന ചടങ്ങ്.
ശിവഗിരി മഹാസമാധിയിൽ പ്രാർത്ഥനകൾക്ക് പുറമേ ഉച്ചയ്ക്കുശേഷം വിശേഷാൽ പൂജ നടക്കും. 2.45ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ പർണശാലയിൽ നിന്ന് മഹാസമാധിയിലേക്ക് ബ്രഹ്മകലശം എഴുന്നള്ളിക്കും. ഗുരുദേവന്റെ സമാധി സമയമായ വൈകിട്ട് 3.30നാണ് ബ്രഹ്മകലശാഭിഷേകം.
ചെമ്പഴന്തി ഗുരുകുലത്തിൽ രാവിലെ 10ന് സമാധി ദിനാചരണം സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷതവഹിക്കും. ടി.എൻ.പ്രതാപൻ എം.പി മുഖ്യപ്രഭാഷണം നടത്തും. വി.കെ. പ്രശാന്ത് എം.എൽ.എ, കൗൺസിലർ ചെമ്പഴന്തി ഉദയൻ, ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഷൈജു പവിത്രൻ എന്നിവർ പ്രസംഗിക്കും. അരുവിപ്പുറം ക്ഷേത്രം, കോലത്തുകര ക്ഷേത്രം, ആലുവ അദ്വൈതാശ്രമം തുടങ്ങിയയിടങ്ങളിലും പ്രാർത്ഥനാചടങ്ങുകൾ നടക്കും.