സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; കൊല്ലമുൾപ്പടെ 13 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറിയതാണ് ശക്തമായ മഴയ്ക്ക് സാഹചര്യമൊരുക്കുന്നത്. രൂക്ഷമായ കടല്‍ക്ഷോഭത്തിനും ശക്തമായ തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച വരെ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യ പടിഞ്ഞാറ് ഭാഗങ്ങളില്‍ കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ ഈ ഭാഗങ്ങളിലേക്കു പോകരുതെന്നും മുന്നറിയിപ്പു നല്‍കി യിട്ടുണ്ട്. ബീച്ചുകളില്‍ പോകുന്നതും കടലില്‍ ഇറങ്ങുന്നതും ഒഴിവാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.