പൊന്നണിഞ്ഞ് നീരജ്, ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ അത്‌ലറ്റിക് സ്വര്‍ണം



പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര എന്ന കരസേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ സ്വര്‍ണമണിഞ്ഞത്. ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ആദ്യ മെഡലാണിത്. അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഹരിയാനക്കാരനായ സുബേദാര്‍ നീരജ് ചോപ്ര. ബെയ്ജിങ്ങിനുശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്നത്. ഒളിമ്പിക്‌സിന്റെ സുദീര്‍ഘമായ ചരിത്രത്തില്‍ ഇന്ത്യ സ്വന്തമാക്കുന്ന പതിനൊന്നാമത്തെ സ്വര്‍ണമാണിത്.

 

ഫൈനലില്‍ തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് നീരജ് സ്വര്‍ണദൂരം കണ്ടെത്തി. ആദ്യ ശ്രമത്തില്‍ 87.03 മീറ്ററും മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററുമാണ് എറിഞ്ഞത്. നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങള്‍ ഫൗളായി. ചെക്ക് റിപ്പബ്ലിക്കിന്റെ ചെക്ക് താരങ്ങളായ യാക്കുബ് വാഡ്‌ലിച്ച് (86.67 മീറ്റര്‍) വെള്ളിയും വിറ്റെസ്‌ലാവ് വെസ്‌ലി (85.44 മീറ്റര്‍) വെങ്കലവും നേടി.

 

എന്നാല്‍, നീരജിന്റെ കരിയറിലെ ഏറ്റവും മികച്ച ദൂരം ദേശീയ റെക്കോഡായ 88.07 മീറ്ററാണ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പട്യാലയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീയിലാണ് നീരജ് ഈ ദൂരം താണ്ടിയത്. ഇതിന് മുന്‍പ് ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും 88 മീറ്റര്‍ പിന്നിട്ടിരുന്നു. 88.06 മീറ്റര്‍ എറിഞ്ഞാണ് അന്ന് സ്വര്‍ണമണിഞ്ഞത്.

ഇന്ത്യയ്ക്കുവേണ്ടി മത്സരിച്ച ഇംഗ്ലീഷുകാരന്‍ നോര്‍മന്‍ പ്രിച്ചാര്‍ഡ് മാത്രമാണ് ഇതിന് മുന്‍പ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കുവേണ്ടി മെഡല്‍ നേടിയത്. 1900 പാരിസ് ഗെയിംസില്‍. അതിനുശേഷം മില്‍ഖാസിങ്ങിനും പി.ടി.ഉഷയ്ക്കും നാലാം സ്ഥാനം കൊണ്ടും അഞ്ജു ബോബി ജോര്‍ജ് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു.