ദില്ലി; മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഡെൽറ്റ വകഭേദം വാക്സിനേഷൻ ചെയ്ത ആളുകളിലൂടെയും വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. രണ്ട് വാക്സിൻ ഡോസുകളും സ്വീകരിച്ച 65 കാരി കഴിഞ്ഞ ദിവസം മുംബൈയിൽ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാമ് വിദഗ്ദർ ആശങ്കപ്രകടിപ്പിച്ചത്.വാക്സിൻ സ്വീകരിക്കാത്തവരിലൂടെ എങ്ങനെയാണോ കൊവിഡ് ഡെൽറ്റാ വകേഭദം വ്യാപിക്കുന്നത് അതേ അളവിൽ തന്നെ വാക്സിൻ സ്വീകരിച്ചവരിലും വകഭേദം നിലനിൽക്കുമെന്നാണ് യുകെ, യുഎസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെഡ്റിവ് പ്രിപ്രിന്റിൽ പ്രസിദ്ധീകരിച്ച പഠനത്തിലും ഇത് സംബന്ധിച്ചുള്ള സൂചനകൾ വ്യക്തമാക്കുന്നുണ്ട്. വാക്സിൻ എടുത്ത ആളുകളുടെ മുക്കൂകളിൽ നിന്നുള്ള സ്വാബുകളിൽ വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.വീടുകൾക്കുള്ളിലടക്കം മാസ്ക്കുകൾ നിർബന്ധമാക്കേണ്ടുന്നതിന്റെ ആവശ്യകതയാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്.വിസ്കോൺസിൻ യൂണിവേഴ്സിറ്റിയിലെ കാസൻ കെ റീമർസ്മയുടെ നേതൃത്വത്തിലുള്ള പഠനത്തിനായി ഗവേഷകർ ജൂൺ 29 നും ജൂലൈ 31 നും ഇടയിൽ 719 ആളുകളുടെ സിടി മൂല്യങ്ങൾ (ഒരു സാംപിളില്‍ എത്ര വേഗം സാര്‍സ് കോവ്-2 വൈറസ് കണ്ടെത്താന്‍ സാധിക്കുമെന്നതിന്റെ അളവ് കോൽ) താരതമ്യം ചെയ്തിരുന്നു. ഇതിൽ 719 സാമ്പിളുകളിൽ വാക്സിൻ സ്വീകരിച്ച 311 പേർ കൊവിഡ് വാക്സിൻ സ്വീകരിച്ചവരായിരുന്നു. അവരിൽ ഭൂരിഭാഗത്തിനും 25 ൽ താഴെ സിടി മൂല്യങ്ങളാണ് ഉണ്ടായത്.വൈറസിന്റെ സാന്നിധ്യമാണ് ഇത് സൂചിപ്പിക്കുന്നത്. തുടർന്ന് കുത്തിവയ്പ് എടുത്തവരിൽ നിന്നും എടുക്കാത്തവരിൽ നിന്നും 25 ൽ താഴെ സിടി മൂല്യമുള്ള 55 സാമ്പിളുകൾ ഗവേഷകർ സംസ്കരിച്ചു.എന്നാൽ ഇവരിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.ഡെൽറ്റാ വകഭേദം സ്ഥിരീകരിച്ച വാക്സിൻ സ്വീകരിച്ചവരും മറ്റുള്ളവരിലേക്ക് രോഗം പരത്തുമെന്നാണ് കണ്ടെത്തൽ. അതേസമയം രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി ഇതുവരെ 52.95 കോടി ഡോസ് വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 57,31,574 ഡോസ് വാക്‌സിനുകളാണ് നൽകിയത്.സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾ ക്കും 59,16,920 ഡോസുകൾ ഉടൻ ലഭ്യമാക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഉപയോഗിക്കാത്ത 2.82 കോടിയിലധികം (2,82,57,130) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പക്കൽ ഇനിയും ബാക്കിയുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു