സ്ത്രീകൾ നടത്തിവന്ന സ്ഥാപനത്തിൽ കവർച്ച നടത്തിയ കേസിലെപ്രതി പിടിയിൽ



തിരുവനന്തപുരം: വഞ്ചിയൂരിൽ വനിതകൾ നടത്തിവന്ന സ്ഥാപനത്തിൽ അതിക്രമിച്ച് കയറി വാതിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി അഞ്ചംഗ സംഘം സ്വർണ്ണവും പണവും കവർച്ച ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് പിടികൂടി. പൂന്തുറ പുത്തൻപള്ളി വാർഡിൽ മുജീബ് (46) നെയാണ് വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റ് നാലു പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

2020 നവംബറിലാണ് കവർച്ച നടന്നത്. പാറ്റൂരിൽ സത്രീകൾ മാത്രമായി നടത്തിവന്ന 'വീട്ടിലെ ഊണ്' എന്ന ഫുഡ് പാഴ്സൽ സ്ഥാപനത്തിൽ വൈകുന്നേരം 4 മണിയോടെ അഞ്ചംഗ സംഘം അതിക്രമിച്ച് കടന്ന് വാതിൽ പൂട്ടിയിട്ട് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 40,000/- രൂപയും ഒരു പവന്റെ സ്വർണ്ണമാലയും മൊബൈൽ ഫോണും മോഷ്ടിച്ചെടുത്ത് കടന്നു കളയുകയുമായിരുന്നു.

ഒളിവിൽ കഴിഞ്ഞിരുന്ന മുജീബിനെ അന്വേഷിച്ചു വരവെ ശംഖുമുഖം അസിസ്റ്റൻറ് കമ്മീഷണർ ഡി.കെ പൃഥ്വീരാജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വഞ്ചിയൂർ എസ്.എച്ച്.ഒ ഡിപിൻ, എസ്.ഐ മാരായ ഉമേഷ്, പ്രജീഷ്കുമാർ, എ.എസ്.ഐ മാരായ സാജ് രാജ്, ഹരികുമാർ, സി.പി.ഒ മാരായ രാകേഷ്, ജോസ്, നവീൻ, ജിജോയ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.