ട്രിവാൻഡ്രം: തിരുവനന്തപുരത്തെ ലുലുമാളിൻ്റെ നിര്‍മാണം തടയണമെന്ന പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. രേഖകളെല്ലാം പരിശോധിച്ചാണ് നിർമാണത്തിന് അനുമതി നല്‍കിയതെന്നാണ് ബോധ്യമാകുന്നതെന്നും തീരപരിപാലന ചട്ടം ലംഘിച്ചെന്ന ഹർജിക്കാരൻ്റെ വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും വ്യക്തമാക്കി കൊണ്ടാണ് കൊല്ലം സ്വദേശി കെ.എം. സലീം നൽകിയ ഹർജി ജസ്റ്റിസ്റ്റ് എസ്.വി. ഭാട്ടി, ജസ്റ്റിസ്റ്റ് ബെച്ചു കുര്യന്‍ തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ഇതോടെ കപട പരിസ്ഥിതിവാദികളുടെ മറ്റൊരു വാദം കൂടി പൊളിയുകയാണ്.
ഒന്നര ലക്ഷം ചതുരശ്ര മീറ്ററിലധികം വലുപ്പമുള്ള നിർമാണങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റിക്ക് (എസ്.ഇ.ഐ.എ.എ) അധികാരമില്ലെന്നിരിക്കെ 2.32 ലക്ഷം ചതുരശ്ര മീറ്റർ നിർമാണത്തിന് അനുമതി നല്‍കിയത് തെറ്റാണെന്നായിരുന്നു ഹർജിക്കാരൻ്റെ വാദം. എന്നാൽ, എല്ലാ രേഖകളും പരിശോധിച്ചാണ് അനുമതി നൽകിയതെന്ന് കേരള തീരപരിപാലന അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ വരുന്ന വൻകിട പദ്ധതികളിലൂടെ വരുമായിരുന്ന പല തൊഴിലവസരങ്ങളും മുൻകാലങ്ങളിൽ ഇത്തരം കപട പരിസ്ഥിതി വാദങ്ങളിലൂടെ കേരളത്തിന്റെ മണ്ണിൽ നിന്നും നഷ്‌ടമായിട്ടുണ്ട്. ട്രിവാൻഡ്രം ഇന്ത്യൻ ഉൾപ്പെടെയുള്ള കൂട്ടായ്മകൾ ലുലു മാളിന്റെ നിർമാണം നിയമം തെറ്റിച്ചല്ല എന്നതിന് തെളിവുകൾ നിരത്തിയിരുന്നു, സമാനമായ തെളിവുകൾ ടോറസിന് വേണ്ടിയും അവതരിപ്പിച്ചിരുന്നു. പദ്ധതികൾ വൈകുംതോറും കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ ഇല്ലാത്തവരുടെ പ്രതിസന്ധി കൂടുന്നതിന് ആക്കം കൂട്ടുമെന്നത് മറ്റൊരു സത്യം.