വളർത്തുനായയെ മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ

ആര്യനാട്∙  വളർത്തുനായയെ മോഷ്ടിച്ച 2  പേർ പിടിയിൽ. പുനലാൽ ഫിറോസ് ഭവനിൽ ടി.ഫിറോഷ് (43), പുനലാൽ വിമൽ നിവാസിൽ മണിക്കുട്ടൻ എന്ന വി.വിമൽ കുമാർ (39) എന്നിവരാണ് ആര്യനാട് പോലീസിന്റെ പിടിയിലായത്.  വെള്ളനാട് മിത്രനികേതൻ വെള്ളൂർക്കോണം സ്വദേശി വിജയദാസിന്റെ പോമറേനിയൻ ഇനത്തിൽപെട്ട നായയെ ആണ് ഇവർ മോഷ്ടിച്ചത്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ പിടിയിലായത്. മോഷ്ടിച്ച ശേഷം നായയെ വിൽക്കാനായി ഫിറോഷിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്നു.ആര്യനാട്  എസ് ഐ ശ്രീലാൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഫിറോഷ് ഒട്ടേറെ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.