ലോക്ക്ഡൗൺ കാലത്ത് ഉപജീവനത്തിനായി തുടങ്ങിയ മൽസ്യ കൃഷി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു; ജീവിതം വഴിമുട്ടി സഹോദരങ്ങൾ

തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത് ഉപജീവനത്തിനായി പാട്ടത്തിനെടുത്ത കുളങ്ങളിലെ മൽസ്യ കൃഷി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. കുളത്തില്‍ വിഷം കലക്കിയതോടെ ലക്ഷകണക്കിന് രൂപയുടെ മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. കാട്ടാക്കട ചൂണ്ടുപലക സ്വദേശിയും കൊറിയോ ഗ്രാഫറുമായ ദിലീപ് ഖാനും സഹോദരങ്ങളായ അൻവർഖാൻ , അൻസർഖാൻ എന്നിവരാണ് എട്ടുമാസം മുൻപ് ഡാൻസ് പ്രോഗ്രാമുകളും സ്റ്റേജ് പ്രോഗാമുകളും മറ്റു ഇവന്റുകളും ഇല്ലാതായതോടെ ഉപജീവനം ലക്ഷ്യമിട്ട് അഞ്ചുലക്ഷത്തോളം മുടക്കി കാട്ടാകട അഞ്ചുതെങ്ങിൻമൂട് കുറ്റിക്കാട് കുളത്തിനു സമീപം സ്ഥലം പാട്ടത്തിനെടുത്തു രണ്ടു കുളം കുഴിച്ച് ഫിഷറീസിന്റെ സഹായത്തോടെ മത്സ്യ കൃഷി ആരംഭിച്ചത്.ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ആദ്യം മത്സ്യങ്ങൾ ചത്ത് പൊങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത് ആദ്യം അസ്വാഭാവികമായി ഒന്നും തോന്നാത്തതിനാൽ ഇവയെ പുറത്തെടുത്തു കുഴിച്ചിട്ടു. ഞായറാഴ്ചയോടെ മൽസ്യങ്ങൾ കൂട്ടമായി ചത്ത് പൊങ്ങുകയായിരുന്നു.

ഇതോടെയാണ് ആരോ മത്സ്യങ്ങളെ കൊന്നതാകാം എന്ന് മനസിലായത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഓണക്കാലത്ത് വിളവെടുക്കാൻ പാകത്തിന് വളർച്ച എത്തിയ മുഴുവൻ മത്സ്യവും ഇതിനു ശേഷം സമയാസമയങ്ങളിൽ വിളവെടുക്കാനായി ഇടയ്ക്കു നിക്ഷേപിച്ചിരുന്ന മത്സ്യങ്ങളും ചത്ത് പൊങ്ങിയത്. കഴിഞ്ഞ എട്ടു മാസത്തോളമുള്ള കഠിനാധ്വാനമാണ് സാമൂഹ്യ വിരുദ്ധർ തകർത്തത്. മൂന്നുലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഈ ചെറുപ്പക്കാർക്ക് ഉണ്ടായത്. ഇതോടെമുടക്ക് മുതൽ ഉൾപ്പടെ ഏഴുലക്ഷത്തിലധികമാണ് അവർക്കിപ്പോൾ ബാധ്യത.