കോവിഡ് മാനദണ്ഡം ലംഘിച്ചതിന് മമ്മൂട്ടിക്കെതിരെ കേസ്

കോഴിക്കോട്: കോവിഡ് മാനദണ്ഡം ലംഘിച്ചതിന് മെഗാസ്റ്റാര്‍ മമ്മൂട്ടിക്കെതിരെ കോഴിക്കോട് എലത്തൂർ പൊലീസ് കെസെടുത്തു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ സന്ധി മാറ്റിവെക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്‍റെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോൾ ആൾക്കൂട്ടമുണ്ടാക്കിയതിനാണ് കേസ്. മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്ന നടൻ രമേഷ് പിഷാരടിക്കെതിരെയും നിർമാതാവ് ആന്‍റോ ജോസഫിനും ആശുപത്രി മാനേജ്മെന്‍റിനെതിരെയും കേസെടുത്തിട്ടുണ്ട്.

ഉദ്ഘാടന പരിപാടിക്ക് ശേഷം ആശുപത്രി സന്ദർശിക്കാൻ മമ്മൂട്ടി തീവ്രപരിചരണ വിഭാഗം ബ്ലോക്കിലെത്തിയിരുന്നു. ഇത് ആളുകൾ കൂട്ടംകൂടാൻ കാരണമായി. ഉദ്ഘാടന ചടങ്ങ് കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു നടന്നതെങ്കിലും അതിനു ശേഷമാണ് ആളുകൾ നടന്മാരുടെ ചുറ്റും കൂടിയത്.

വെള്ളിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തതായി എലത്തൂര്‍ പോലീസ് അറിയിച്ചു.