”മുതലപ്പൊഴിയില്‍ മത്സ്യബന്ധനത്തിന് സേഫ് കൊറിഡോര്‍ സ്ഥാപിക്കണം”


തിരുവനന്തപുരം: പ്രളയകാലത്ത് ആയിരക്കണക്കിന് പേരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അശാസ്ത്രീയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് മുതലപ്പൊഴിയില്‍ ആറു വര്‍ഷത്തിനിടെ 60 മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. ഈ വര്‍ഷം മാത്രം പത്തിലധികം പേര്‍ മരിച്ചു. ഈ വിഷയം അടൂര്‍ പ്രതകാശ് എം.പി കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പടുത്തിയപ്പോള്‍ ഒരു പ്രശ്‌നവും ഇല്ലെന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാര്‍ബറിന്റെ അശാസ്ത്രീയ നിര്‍മ്മാണത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്കും ജീവനും ജീവനോപാദികളും നഷ്ടപ്പെടുന്ന സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം. വിന്‍സെന്റ് നല്‍കിയ അടിയന്ത്രിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

അശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് മുതലപ്പൊഴി അപകടപ്പൊഴിയായി മാറിയിരിക്കുകയാണ്. ഇന്നലെയും അപകടമുണ്ടാക്കി. പുലിമുട്ട് നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന വസ്തുത സര്‍ക്കാരും സമ്മതിക്കുന്നുണ്ട്. വിഷയത്തെ കുറിച്ച് പഠിക്കുമെന്നാണ് പറയുന്നത്. നിരവധി പഠന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ തന്നെ മുന്നിലുണ്ട്. ഇനി എന്ത് പഠിക്കാനാണ്? ഒരു വര്‍ഷമായി വിഴിഞ്ഞത്ത് ഡ്രഡ്ജിംഗ് നടക്കുന്നില്ല. ഇവിടെ നിരവധി പേരാണ് മരിച്ചത്. ഈ വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചതിനു ശേഷമാണ് അദാനി ഗ്രൂപ്പ് മണ്ണ് മാറ്റാന്‍ തയാറായത്. മുലപ്പൊഴിയില്‍ ശാസ്ത്രീയമായ ഒരു പഠനവും നടത്താതെയാണ് പഴയ പുലിമുട്ട് പൊളിച്ചുമാറ്റിയത്. അതിനു ശേഷം അപകടങ്ങളുടെ എണ്ണം കൂടി. അദാനി എല്ലാം ചെയ്‌തെന്ന റിപ്പോര്‍ട്ട് കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശേഷവും അവിടെ നിരവധി പേര്‍ മരിച്ചു. മരിച്ചവരില്‍ പലരുടെയും ശവശരീരങ്ങള്‍ പോലും ലഭിച്ചിട്ടില്ല.

മത്സ്യത്തൊഴിലാളികള്‍ക്ക് 24 മണിക്കൂറും മത്സ്യബന്ധനത്തിന് പോകാന്‍ സാധിക്കുന്ന രീതിയില്‍ സേഫ് കൊറിഡോര്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. പുലിമുട്ടുകള്‍ക്ക് ഇടയില്‍ അടിഞ്ഞിരിക്കുന്ന മണ്ണ് നീക്കം ചെയ്യാനും സംവിധാനം ഉണ്ടാക്കണം. അപകടത്തില്‍പ്പെടുന്നവരം സഹായിക്കാന്‍ മറൈന്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.