മത്സ്യത്തൊഴിലാളി അൽഫോൺസ്യയെ ആശുപത്രിയിലെത്തി നേരിൽ കണ്ട് മന്ത്രി വി ശിവൻകുട്ടി ; അൽഫോൺസ്യ പറഞ്ഞ കാര്യങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്ന് മന്ത്രി


ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ വഴിയരികിൽ കച്ചവടം നടത്തവെ ആക്രമണത്തിനിരയായ അൽഫോൺസ്യയെ പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആശുപത്രിയിലെത്തി നേരിൽ കണ്ടു. അൽഫോൺസ്യയോട് സംഭവത്തിന്റെ വിശദവിവരങ്ങൾ മന്ത്രി ചോദിച്ചറിഞ്ഞു. 
അൽഫോൺസ്യയെ ചികിൽസിക്കുന്ന ഡോക്ടറുമായും മന്ത്രി സംസാരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആണ് 
അൽഫോൺസ്യ ചികിത്സയിൽ കഴിയുന്നത്.

അൽഫോൺസ്യയുടെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചതും അവരെ ഉപദ്രവിച്ചതും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്ന് മന്ത്രി പറഞ്ഞു. ഇടതുപക്ഷ സർക്കാർ പാവങ്ങളുടെ സർക്കാരാണ്. ഇത്തരത്തിലുള്ള നടപടികൾ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി ആവർത്തിച്ചു.

അൽഫോൺസ്യ പറഞ്ഞ കാര്യങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിക്കും എന്ന് മന്ത്രി വ്യക്തമാക്കി. പ്രശ്നത്തെ ന്യായമായും നിയമപരമായും കൈകാര്യം ചെയ്യുന്നതിന് പകരം രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമങ്ങളെ അപലപിക്കുന്നു. മത്സ്യത്തൊഴിലാളികളോട് എന്നും ചേർന്നുനിൽക്കുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം നോക്കിയാൽ ഇക്കാര്യം വ്യക്തമാണ്. തീരമേഖലയിൽ മികച്ച പിന്തുണയാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് ലഭിച്ചത്.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വന്ന വീഴ്ച സർക്കാരിനെതിരെ തിരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അത് ഫലം കാണില്ല. സർക്കാരിനെതിരെ നടത്തുന്ന സമരങ്ങൾ ഗൂഢ ലക്ഷ്യം വച്ചാണ്. പ്രശ്നങ്ങളെ വഷളാക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നു. വഴിയോര കച്ചവടത്തിന് വ്യക്തമായ നിയമമുണ്ട്. എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.