സംസ്ഥാനത്തെ ബീച്ചുകള്‍ നാളെ മുതല്‍ സഞ്ചാരികൾക്കായി തുറക്കും

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവുകള്‍ പ്രഖ്യാപിച്ചതോടെ, ബീച്ചുകള്‍ തിങ്കളാഴ്ച മുതലും മാളുകള്‍ ബുധനാഴ്ച മുതലും തുറക്കും. ഓണക്കാലത്തോടനുബന്ധിച്ചാണ് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചത്.ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ താല്‍ക്കാലികമായി ഇന്ന് അവസാനിക്കും. ഒരു ഡോസ് വാക്‌സീനെടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ തടസമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ ഇനി ഓണത്തിന് മുന്‍പില്ല. തിങ്കളാഴ്ച മുതല്‍ കടകള്‍ തുറന്നാല്‍ 28 വരെ വിപണി സജീവമായിരിക്കും. രാവിലെ 7 മുതല്‍ രാത്രി 9വരെ കടകള്‍ക്ക് പ്രവര്‍ത്തിക്കാം. കടകളില്‍ പ്രവേശിക്കാന്‍ നിബന്ധനകളുണ്ടെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ടെന്ന നിര്‍ദേശമുള്ളതു വ്യാപാരമേഖലയ്ക്കു കൂടുതല്‍ ഉണര്‍വ് പകരും. എസി ഇല്ലാത്ത റെസ്റ്റോറന്റുകളില്‍, ഇരുന്നു കഴിക്കാനുള്ള അനുമതി താമസിക്കാതെ നല്‍കുമെന്നു സര്‍ക്കാര്‍വൃത്തങ്ങള്‍ സൂചന നല്‍കി.

ബുധനാഴ്ച മുതല്‍ മാളുകളില്‍ സാമൂഹികഅകലം പാലിച്ച്  പ്രവേശിക്കാം. ടൂറിസം മേഖലയും തിങ്കളാഴ്ച മുതല്‍ പൂര്‍ണമായും തുറക്കുകയാണ്. വാക്‌സീനെടുത്തവര്‍ക്ക് ഹോട്ടലുകളില്‍ താമസിക്കുന്നതിന് തടസമില്ല. ബീച്ചുകളില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് കുടുംബമായി എത്താമെന്നു ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.ലോക്ഡൗണ്‍ ടൂറിസം മേഖലക്ക് 33,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് കണക്ക്.