കല്ലമ്പലം : അയിലം കളമഞ്ചൽ സ്വദേശി ശശിധരൻ വളരെയധികം വിഷമവൃത്തത്തിലാണ് കുറെ വർഷങ്ങളായി ജീവിതം തള്ളിനീക്കിയിരുന്നത്. നൂറ്റിയാറ് കിലോ ശരീരഭാരവും ഇരു കാൽമുട്ടുകൾക്കും എഴുപത് ശതമാനം തേയ്മാനവുമായി നടക്കാൻ തന്നെ വളരെയധികം ബുദ്ധിമുട്ടിലായിരുന്ന ശശിധരൻ ചാത്തമ്പറ കെ ടി സി ടി ആശുപത്രിയിലെ എല്ലു രോഗ വിഭാഗം മേധാവി ഡോ. സാബു മുഹമ്മദ് നൈനയെ പറ്റിയും ആശുപത്രിയിലെ എല്ലു രോഗ ചികിത്സാ വിഭാഗത്തെ കുറിച്ചും അകന്ന ബന്ധുക്കൾ വഴിയാണ് കേട്ടറിഞ്ഞത്. കഴിഞ്ഞ രണ്ടു വർഷമായി ഇതുമായി ബന്ധപ്പെട്ട് വിവിധ ആശുപത്രികളിലും ഡോക്ടർമാരുടെ വസതികളിലും ഏറെ ബുദ്ധിമുട്ടി കയറിയിറങ്ങിയെങ്കിലും മുട്ടുമാറ്റിവച്ചാൽ തന്നെ നടക്കാൻ കഴിയുന്ന കാര്യത്തിൽ മാസങ്ങൾ വേണ്ടിവരുമെന്നും അമിതമായ ശരീരഭാരം ഇതിനു തടസ്സമാകുമെന്നും എല്ലാവരും സംശയം പ്രേകടിപ്പിച്ചിരുന്നു. കൂടാതെ അനസ്തേഷ്യ തുടങ്ങിയ കാര്യങ്ങൾ നൽകുമ്പോൾ ശരീരം പ്രതീകരിക്കാവുന്ന രീതിയിലെ സംശയങ്ങളും ഡോക്ടർമാർ നിരത്തി.
ഈ അവസരത്തിലാണ് വീടിനുള്ളിൽ തെന്നിവീണ് ഒരുകാലിന് ഒടിവുകൂടി സംഭവിച്ച് ജീവിതമാകെ വിഷമവൃത്തത്തിലാവുന്നത്. തുടർന്ന് ബന്ധുക്കളുടെയും ഭാര്യയുടെയും പൂർണമായ സഹായത്തോടെയും സമ്മതത്തോടെയും ശശിധരൻ ചാത്തമ്പറ കെ ടി സി ടി ആശുപത്രിയിൽ എത്തി. ആവശ്യമായ പരിശോധനകൾ കഴിഞ്ഞ് ആശുപത്രിയിൽ അഡ്മിറ്റാകാൻ പറഞ്ഞതിന് രണ്ടാം ദിവസം തന്നെ ഡോ. സാബു മുഹമ്മദ് നൈന, ഡോ. ബിജോ പോൾ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. രതീഷ്, ഡോ. നൗഫൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ അഞ്ചരമണിക്കൂർ നീണ്ടുനിന്ന അതിനൂതനവും സങ്കീർണവുമായ സമ്പൂർണ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ അറുപത്തെട്ടുകാരനായ ശശിധരൻ ജീവിതത്തിലേക്ക് തിരിച്ചുവന്നു. കാലിലെ ഒടിവും വർഷങ്ങളായുള്ള തേയ്മാനവും എല്ലുകൾ വളഞ്ഞ അവസ്ഥയിലുമായിരുന്നത് ശസ്ത്രക്രിയയെ കൂടുതൽ സങ്കീർണമാക്കിയിരുന്നു.ഡോക്ടർമാരുടെ പരിചയ സമ്പന്നതയും ആത്മവിശ്വാസവും അതിലുപരി രോഗിയുടെ ഭാഗത്തുനിന്നുള്ള സഹകരണവും ദൃഢനിശ്ചയവും മൂലം എല്ലാം അതിജീവിച്ച് ശസ്ത്രക്രിയയുടെ മൂന്നാം ദിവസം തന്നെ വാക്കർ ഉപയോഗിച്ച് നടക്കാനും വാക്കറിന്റെ സഹായമില്ലാതെ നിവർന്നു നിൽക്കാനും തുടങ്ങി .