ആറ്റിങ്ങൽ: ദേശീയപാതയിൽ പള്ളിപ്പുറത്തിന് സമീപം ഏപ്രിൽ 9 -ന് രാത്രി സ്വർണ്ണവ്യാപാരിയുടെ കാർ തടഞ്ഞ് വെട്ടി പരുക്കേൽപ്പിച്ച് സ്വർണ്ണം കവർച്ച ചെയ്ത കേസ്സിലെ മുഖ്യ ആസൂത്രകനും കൂട്ടാളികളും പിടിയിൽ.മുഖ്യ ആസൂത്രകനായ ബാലരാമപുരത്ത് നിന്നും കന്യാകുമാരി അഗസ്ത്യസ്വരം പുതുഗ്രാമത്തിലെ വീട്ടിൽ നിന്നും ചെന്നൈ സിറ്റി , അമ്പട്ടൂരിലെ ഫ്ലാറ്റിൽ വാടകയ്ക്ക് താമസം മാറിയ സന്തോഷ് ക്ലമന്റ്( 56) , കൂട്ടാളികളായ കന്യാകുമാരി പളുക്കൽ, മുഴുങ്ങുവിള, അശ്വതി ഭവനിൽ സതീഷ്കുമാർ (40), പാലക്കാട് ആലത്തൂർ, പിച്ചൺകോട് വീട്ടിൽ അജീഷ്(30) എന്നിവരെയാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്.
സ്വർണ്ണവ്യാപാരിയായ സമ്പത്തിന്റെ നെയ്യാറ്റിൻകര ജൂവലറിയിലെ ജീവനക്കാരനായ അജീഷ് മറ്റ് ജൂവലറികളിലേക്ക് സമ്പത്ത് സ്വർണ്ണം കൊണ്ടു പോകുന്നതിനൊപ്പം , പണവും കൊണ്ട് പോകാറുണ്ടെന്ന വിവരം സുഹൃത്തും ലോറിഡ്രൈവറുമായ സതീശനോട് പറയുന്നത്. സതീശനാണ് ചെന്നൈയിൽ താമസമാക്കിയ റിയൽ എസ്റ്റേറ്റ് കാരനായ സന്തോഷിനോട് വിവരം പറഞ്ഞ് കവർച്ചക്കുള്ള പദ്ധതി തയ്യാറാക്കിയത്. സന്തോഷിന്റെ നേതൃത്വത്തിലാണ് കഴക്കൂട്ടത്തെ കൊട്ടേഷൻ സംഘത്തെ കൊണ്ട് കവർച്ച നടപ്പാക്കിയത്. കവർച്ചക്കുള്ള സ്ഥലം തിരുവനന്തപുരം ജില്ലയിൽ ആയതിനാലാണ് കഴക്കൂട്ടത്തുള്ള സംഘത്തെ സന്തോഷ് കവർച്ചക്കായി ഉപയോഗിച്ചത്. ഇതിനായി സംഘം രണ്ട് മാസത്തോളം സ്വർണ്ണ വ്യാപാരിയായ സമ്പത്തിന്റെ യാത്രകൾ മനസ്സിലാക്കി വലിയ തയ്യാറെടുപ്പ് നടത്തി. ഏപ്രിൽ 9 ന് രാത്രി കാറുകളിലും ബൈക്കുകളിലുമായി എത്തി സംഘം സമ്പത്തിന്റെ വാഹനം തടഞ്ഞ് വെട്ടിപരിക്കേൽപ്പിച്ച് കാർ ഉൾപ്പെടെ തട്ടിയെടുക്കാനായിരുന്നു പദ്ധതി ഇട്ടതെങ്കിലും , വാഹനം സ്റ്റാർട്ട് ആകാത്തതിനാൽ സ്വർണ്ണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് ,സമ്പത്തിനെ വെട്ടി പരുക്കേൽപ്പിച്ച് വാഹനത്തിന്റെ ഡ്രൈവറെയും , സമ്പത്തിന്റെ ബന്ധുവിനേയും മർദ്ദിച്ച് വാഹനങ്ങളിൽ കയറ്റികൊണ്ട് പോയി പോത്തൻകോടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു
ഇപ്പോൾ അറസ്റ്റിൽ ആയവരെ കൂടാതെ ഈ കേസ്സിൽ ഉൾപ്പെട്ട പതിനഞ്ച് പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു. കവർച്ചയുമായി ബന്ധപ്പെട്ട് നാൽപ്പത് പവനോളം സ്വർണ്ണവും, അറ് കാറുകളും രണ്ട് ഇരുചക്ര വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു. കൂടാതെ സ്വർണ്ണ വ്യാപാരിയുടെ വാഹനത്തിൽ ഉണ്ടായിരുന്ന കണക്കില്ലാതെ സൂക്ഷിച്ചിരുന്ന എഴുപത്തിയഞ്ച് ലക്ഷം രൂപയും കണ്ടെടുത്ത് കോടതിയിൽ സമർപ്പിച്ചു,
മുഖ്യ ആസൂത്രകനായ സന്തോഷിന്റെ തമിഴ്നാട്ടിലെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരുകയാണ്. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന ഇയാൾ തമിഴ്നാട്ടിലെ പ്രാദേശിക രാഷ്ട്രീയക്കാരുമായി നല്ല ബന്ധം പുലർത്തി വരുന്ന ആളാണ്. പിടിയിലായ സതീശൻ തമിഴ്നാട്ടിൽ നിന്നും മറ്റും കേരളത്തിലേക്ക് സ്പിരിറ്റ് കടത്തിയിരുന്ന സംഘത്തിലെ അംഗമാണ്. എക്സ്സൈസിൽ ഇയാൾക്കെതിരെ ഇതിന് കേസ്സുണ്ട്. കവർച്ചാ കേസ്സിലെ മുഖ്യആസൂത്രകർ പിടിയിലായതോടെ കവർച്ചാ സംഘത്തിലെ പിടികിട്ടാനുള്ള മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അവരും ഉടൻ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്.പി സുനീഷ്ബാബുവിന്റെയും , ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.കെ.സുൽഫിക്കറിന്റെയും നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് കേസ്സിന്റെ അന്വേഷണം ശക്തമാക്കിയിരുന്നു.മംഗലപുരം പോലീസ് ഇൻസ്പെക്ടർ എച്ച്.എൽ.സജീഷ് , എ.എസ്.ഐ മാരായ എസ്സ്.ജയൻ , റ്റി.എസ്.ഫ്രാങ്ക്ളിൻ ഷാഡോ ഡാൻസാഫ് സബ്ബ് ഇൻസ്പെക്ടർ എം. ഫിറോസ്ഖാൻ , എ.എസ്.ഐ മാരായ ബി.ദിലീപ് , ആർ.ബിജുകുമാർ എന്നിവർ തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ താമസിച്ച് നടത്തിയ വിദഗ്ദമായ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.