ആറ്റിങ്ങൽ നഗരസഭ ജീവനക്കാരുടെ സസ്പെൻഷൻ ; സ്റ്റാഫ് യൂണിയനുകളുടെ പ്രതിഷേധം ശക്തമാക്കി


ആറ്റിങ്ങൽ: അനധികൃത മത്സ്യ കച്ചവടം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം.സി.എസ്.യു, കെ.എം.സി.ഡബ്യു.എഫ് എന്നീ സംഘടനകൾ പ്രതിഷേധ സമരം സംഘടിപ്പിച്ചു. നഗരസഭാങ്കണത്തിൽ വച്ച് നടന്ന പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം കെ.എം.സി.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി പി.സുരേഷ് നിർവ്വഹിച്ചു. വിശദീകരണ പ്രസംഗം കെ.എം.സി.ഡബ്ല്യു.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണമ്മൂല വിജയൻ നടത്തി. യൂണിറ്റ് പ്രസിഡന്റ് വി.എസ്.ശില്പയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ സ്വാഗതം യൂണിറ്റ് സെക്രട്ടറി വി.എസ് വിനോദും, നന്ദി വർക്കേഷ്സ് ഫെഡറേഷൻ (സി.ഐ.റ്റി.യു) ജില്ലാ കമ്മിറ്റി അംഗം എസ്.ശശികുമാറും അറിയിച്ചു. ഇരു സംഘടനകളുടെയും ജില്ലാ - സംസ്ഥാന തല നേതാക്കളായ കെ.രാജഗോപാൽ, എസ്.എസ്. മിനു, ആർ.രാമൻകുട്ടി, ഒ.ബിജി, ആർ.സി.രാജേഷ്, കെ.രാജൻ തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.

അനധികൃത മത്സ്യ വ്യാപാരം ഓഗസ്റ്റ് 10 ന് രാവിലെ നീയമപരമായി നീക്കം ചെയ്ത ജീവനക്കാരെയാണ് അകാരണമായി സസ്പെൻഡ് ചെയ്തത്. ചന്തകൾ കേന്ദ്രീകരിച്ച് മത്സ്യ വ്യാപാരം നടത്താൻ മുൻകൂട്ടി നഗരസഭ ആരോഗ്യ വിഭാഗം ഇവർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കൗൺസിലിന്റെ തീരുമാനം ഒട്ടും വകവയ്ക്കാതെയാണ് ഇവർ തിരക്കേറിയ പ്രദേശങ്ങളിൽ മത്സ്യ കച്ചവടം നടത്തിയത്. കച്ചവടക്കാരെ നീക്കം ചെയ്യുന്നതിൽ സംയമന പരമായ നിലപാട് സ്വീകരിച്ചില്ല എന്ന അടിസ്ഥാന രഹിത ആരോപണത്തെ തുടർന്നാണ് 2 ജീവനക്കാരെ സസ്പെൻഡ് ചെയ്തത്. ഇത്തരം വസ്തുതാ വിരുദ്ധ നടപടി ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല. കൂടാതെ അന്ന് ജോലിയിലുണ്ടായിരുന്ന ജീവനക്കാരുടെ ഔദ്യോഗിക കൃത്യ നിർവ്വഹണത്തിന് തടസ്സം വരുത്തിയവരെയും ജീവനക്കാരെ കൈയ്യേറ്റം ചെയ്യാൻ മുതിർന്ന സാമൂഹ്യ വിരുദ്ധരെയും അടിയന്തിരമായി അറസ്റ്റ് ചെയ്യണമെന്നും സമര നേതൃത്വം ആവശ്യപ്പെട്ടു. നഗരത്തെ മലീനസമാക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കുന്നതിന് പകരം മാതൃകാപരമായി ജോലി ചെയ്യുന്ന ജീവനക്കാരെ കുരിശിൽ തറക്കുന്ന ഇത്തരം നടപടികൾ തിരുത്തപ്പെടണം. പുറത്താക്കിയ ജീവനക്കാരിൽ ചുമത്തിയ സസ്പെൻഷൻ നടപടികൾ പിൻവലിച്ച് അവരെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കണം. പ്രതിഷേധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംയുക്ത യൂണിയനുകളുടെ നേതൃത്വത്തിൽ സമര സമിതി രൂപീകരിച്ചു. ജീവനക്കാർക്ക് നീതി ലഭിക്കും വരെ വരും ദിവസങ്ങളിൽ തുടർ സമരങ്ങളുമായി മുന്നോട്ട് പോകാനാണ് സമിതിയുടെ തീരുമാനം. കൂടാതെ പ്രതിക്ഷേധ സമരം സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് ജില്ലയിലെ മറ്റ് നഗരസഭകളിലും ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചു. സമരസമിതി കൺവീനർറായി വി.എസ്.വിനോദിനെയും, ചെയർമാനായി ആർ.രാമൻകുട്ടിയെയും 15 അംഗ എസിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.