സുഹൃത്തിന്റെ അമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമം: 23കാരന്‍ അറസ്റ്റില്‍

കല്ലമ്പലം :വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച 23 കാരന്‍ അറസ്റ്റില്‍. കല്ലമ്പലം നാവായിക്കുളം വടക്കേ വയല്‍ സ്വദേശി കുന്നുവിള വീട്ടില്‍ പ്രദീപ് ആണ് അറസ്റ്റിലായത്. ഒന്‍പതിന് രാത്രി 12 മണിയോടെയാണ് സംഭവം നടക്കുന്നത്. നാവായിക്കുളം സ്വദേശിയായ വീട്ടമ്മയുടെ മകന്റെ കൂട്ടുകാരനാണ് അറസ്റ്റിലായ പ്രദീപ്.

രാത്രി വീട്ടമ്മയുടെ മകനുമായി പ്രദീപ് മദ്യപിച്ചു. ഇതിനുശേഷം വീട്ടമ്മയുടെ മകനെ അയാളുടെ ഭാര്യവീട്ടില്‍ പ്രദീപ് കൊണ്ടുചെന്നാക്കി. പിന്നാലെ പ്രദീപ് വീട്ടമ്മയുടെ നാവായിക്കുളത്തുള്ള വീട്ടിലേക്ക് തിരിച്ചു പോയി. വീട്ടില്‍ ചെന്ന് കതകില്‍തട്ടിവിളിച്ചു മകന്‍ മദ്യപിച്ച്‌ ബോധമില്ലാതെ റബര്‍ പുരയിടത്തില്‍ കിടക്കുന്നു എന്നു കള്ളം പറഞ്ഞ് അവരെ വിളിച്ചിറക്കി തൊട്ടടുത്ത റബര്‍ പുരയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച്‌ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

തുടർന്ന് വീട്ടമ്മ നിലവിളിച്ചതിനെതുടര്‍ന്നു പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു. വീട്ടിലെത്തി ഒളിച്ചിരുന്ന പ്രതിയെ വീട്ടമ്മയുടെ പരാതിയില്‍ രാത്രിതന്നെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഫറോസ് ഐ യുടെ നേതൃത്വത്തില്‍ എസ് ഐ ഗംഗാപ്രസാദ്, ഗ്രേഡ് എസ് ഐ അനില്‍കുമാര്‍, എ. എസ്.ഐ സുരേഷ്, എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.