മരണക്കെണിയായി മുതലപ്പൊഴി; അഴിമുഖത്ത് അടിഞ്ഞുകൂടിയ മണ്ണ് നീക്കും

അഞ്ചുതെങ്ങ്: മുതലപ്പൊഴിയിൽ അഴിമുഖത്ത് അടിഞ്ഞിരിക്കുന്ന മണ്ണ് നീക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മുതലപ്പൊഴി അഞ്ചുതെങ്ങ് മേഖലകളിൽ സന്ദർശനം നടത്തുകയായിരുന്നു മന്ത്രി.മുതലപ്പൊഴിയിൽ അടിക്കടിയുണ്ടാകുന്ന അപകടങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനു ശേഷം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് മുതലപ്പൊഴി സന്ദർശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

 

മുതലപ്പൊഴിയിൽ അപകടമരണം പതിവാകുന്നതിനാൽ ഉദ്യോഗസ്ഥരുടെയും അദാനി തുറമുഖ പ്രതിനിധികളുടെയും സംയുക്ത പരിശോധന നടന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊഴിയിൽ അഞ്ചുമീറ്റർ താഴ്ചയിൽ മണ്ണ് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്.സെപ്റ്റംബർ 15-നുശേഷം മണ്ണ് മാറ്റുന്ന പണി നടത്തും. കൂടാതെ പെരുമാതുറ ഭാഗത്ത് മൂന്ന്‌ മീറ്റർ ആഴത്തിൽ മണ്ണ്‌ മാറ്റുമെന്നും മന്ത്രി പറഞ്ഞു.

 

ഇതിനുപുറമേ അഞ്ചുതെങ്ങ്, താഴംപള്ളി ഭാഗങ്ങളിൽ തീരസംരക്ഷണത്തിനായി പതിനെട്ടരക്കോടി രൂപ എസ്റ്റിമേറ്റ് തുകയിൽ കടൽഭിത്തി നിർമിക്കും. കരിങ്കല്ല് കിട്ടാത്തതിനാൽ പകരം സംവിധാനം ഒരുക്കാൻ കഴിയുമോയെന്ന് പരിശോധിക്കും.മുതലപ്പൊഴിയിലെ പുലിമുട്ട് നിർമാണത്തിലെ അശാസ്ത്രീയത പഠിക്കാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജ്- അഗർത്തലയ്ക്ക് കത്ത് കൊടുത്തിട്ടുണ്ട്.ജനുവരി കഴിയുന്നതോടെ പഠന റിപ്പോർട്ടിന്റെയും ഇവിടത്തെ ജനങ്ങളുടെകൂടി അഭിപ്രായവും സ്വീകരിച്ച് നടപടി സ്വീകരിക്കും.മുതലപ്പൊഴിയിൽ പഠനവും പരിഹാരനടപടിയും സമാന്തരമായി കൊണ്ടുപോവുകയെന്നതാണ് ഗവൺമെന്റിന്റെ നയമെന്നും മന്ത്രി പറഞ്ഞു