ആഗോള തലത്തില്‍ തന്നെ കോവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തിലും ടെക്നോപാര്‍ക്കിന് സ്വന്തം കരുത്തിലൂടെ സാമ്പത്തിക സ്ഥിരതയും പ്രകടന മികവും നിലനിര്‍ത്താനായെന്ന് സിഇഒ ജോണ്‍.എം.തോമസ് പറഞ്ഞു. ഈ മഹാമാരിക്കാലത്തും നാല്പതോളം പുതിയ കമ്പനികള്‍ ടെക്നോപാര്‍ക്കിലെത്തിയത് ഇവിടുത്തെ മികച്ച അടിസ്ഥാന സൗകര്യങ്ങളുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരുത്തുറ്റ വായ്പാ സുരക്ഷാ ക്രമീകരണങ്ങളും പണലഭ്യതയും ഒപ്പം ആരോഗ്യകരമായ പ്രവര്‍ത്തനക്ഷമതയും കമ്പനികളുടെ വൈവിധ്യവുമാണ് റേറ്റിങ് മെച്ചപ്പെടുത്താന്‍ സഹായിച്ചതെന്ന് ടെക്നോപാര്‍ക്ക് ചീഫ് ഫിനാന്‍സ് ഓഫീസര്‍ എല്‍. ജയന്തി പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തില്‍ കമ്പനികള്‍ക്ക് ആശ്വാസമെന്ന നിലയില്‍ വാടക ഇളവ് നല്‍കുകയും വാര്‍ഷിക വര്‍ധന ഒഴിവാക്കുകയും ചെയ്തെങ്കിലും ടെക്നോപാര്‍ക്കിന്റെ പണലഭ്യത മികച്ച നിലയില്‍ തന്നെയായിരുന്നുവെന്നും അവർ വ്യക്തമാക്കി.
ടെക്നോപാര്‍ക്ക് ഒന്ന്, മൂന്നു ഫേസുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണ്. ഇന്‍ഫോസിസ്,യുഎസ്ടി ഗ്ലോബല്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഏണസ്റ്റ് ആന്റ് യംഗ്, അലയന്‍സ്, ഐബിഎസ് സോഫ്റ്റ്വെയര്, ഒറക്കിള്‍, നിസ്സാന്‍, ഗൈഡ് ഹൗസ്,സണ്‍ ടെക് , ടാറ്റ എല്‍ക്സി, ഇന്‍വെസ്റ്റ് നെറ്റ്, ക്വസ്റ്റ് ഗ്ലോബല്‍, തുടങ്ങിയ പ്രശസ്ത കമ്പനികളും നിലവില്‍ ടെക്നോപാര്‍ക്കിലെ കമ്പനികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു