ആറ്റിങ്ങൽ∙ ആറ്റിങ്ങൽ പട്ടണത്തിലെ അഞ്ചു കടകളിൽ കവർച്ച നടത്തിയ സംഘത്തിലെ ഒരാളെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. പട്ടം പ്ലാമൂട് പൂച്ചെടിവിളവീട്ടിൽ കുട്ടൻ എന്ന് വിളിക്കുന്ന നിഖിൽ ( 21) ആണ് പിടിയിലായത്. ഒരാൾ കൂടി പിടിയിലാകാനുണ്ട്. ജൂലൈ 7 ന് രാത്രി ആണ് കവർച്ചയും, കവർച്ചാ ശ്രമങ്ങളും നടന്നത്. അഞ്ചു സ്ഥാപനങ്ങൾക്ക് പുറമേ നിർമ്മാണം നടന്നുവരുന്ന വീട്ടിലും കവർച്ച നടന്നിരുന്നു. ആറ്റിങ്ങലിൽ കവർച്ചകൾ നടന്ന ദിവസം രാത്രി ഇതേ സംഘം കല്ലമ്പലത്തും , കൊല്ലം ജില്ലയിലെ ചാത്തന്നൂരുള്ള പത്തോളം സ്ഥാപനങ്ങളിൽ കവർച്ച നടത്തി. ആറ്റിങ്ങലിലെ മൊബൈൽ കടയിൽ നിന്നും മോഷണം പോയ മൊബൈൽ ഫോണുകൾ പിടിയിലായ നിഖിലിന്റെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തു. ഇയാളുടെ കൂട്ടാളിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.
ആറ്റിങ്ങൽ ഡിവൈഎസ്.പി ഡി.എസ് സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ രൂപികരിച്ച പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ പൊലീസ് ഇൻസ്പെക്ടർ ഡി.മിഥുൻ , സബ്ബ് ഇൻസ്പെക്ടർമാരായ പി.ആർ.രാഹുൽ,ബി.ബിനിമോൾ,ശ്രീകുമാർ, സി.പി.ഒ സിയാസ്,ജയകുമാർ ഷാഡോ ഡാൻസാഫ് സബ്ബ് ഇൻസ്'പെക്ടർ എം.ഫിറോസ്ഖാൻ എ.എസ്.ഐ മാരായ ബി.ദിലിപ്, ആർ.ബിജുകുമാർ സി.പി.ഒ മാരായ അനൂപ് , സുനിൽരാജ് എന്നിവരുടെ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആറ്റിങ്ങൽ വള്ളക്കടവിൽ തമ്പടിച്ച ശേഷം ബൈക്കിൽ സഞ്ചരിച്ചാണ് കഴിഞ്ഞ ദിവസം പിടിയിലായ നിഖിലും കൂട്ടാളിയും ചാത്തന്നൂരിലും, കല്ലമ്പല്ലത്തും, ആറ്റിങ്ങലിലും ആയി പത്തോളം കടകളിൽ കവർച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ആറ്റിങ്ങലിലെ ഒരു കടയിൽ നിന്നു മാത്രം എഴുപതോളം മൊബൈലുകളാണ് കവർന്നത്. കല്ലമ്പലത്ത് നിന്നും അഞ്ചോളം മൊബൈൽ ഫോണുകൾ കവർന്നു. ചാത്തന്നൂരിൽ നിന്നും പത്തോളം ഫോണുകളും, ഇലക്ട്രോണിക് സാധനങ്ങളും, കട ഉടമയുടെ തിരിച്ചറിയൽ രേഖകളും കവർന്നു. കല്ലമ്പലത്തും, ചത്തന്നൂരിലും കവർച്ച നടത്തിയ ശേഷമാണ് ആറ്റിങ്ങലിൽ കവർച്ചക്ക് എത്തിയത്. ആറ്റിങ്ങലിലെ മൊബൈൽ കടയിലെ കവർച്ചക്കിടെ ചാത്തന്നൂരിൽ കടയിൽ നിന്നും കവർന്ന കട ഉടമയുടെ തിരിച്ചറിയൽ രേഖകൾ നിലത്തു വീണു. ഇത് ലഭിച്ചതാണ് ഒരേ സംഘമാണ് എല്ലായിടത്തും കവർച്ച നടത്തിയത് എന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.