ആറ്റിങ്ങൽ : ആറ്റിങ്ങലിൽ നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങൽ ആറ്റിങ്ങൽ,വിളയിൽമൂല സജി ലാൻഡിൽ ബീന സജീവിന്റെ (46) മൃതദേഹമാണ് കൊല്ലമ്പുഴ പാലത്തിനു സമീപത്ത് നിന്നും കണ്ടെത്തിയത്. ഇന്ന് രാവിലെ 7 മണിയോടെയാണ് മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിന് രണ്ട് ദിവസം പാഴാക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ആറ്റിങ്ങൽ ഫയർ ഫോഴ്സ് എ. എസ്. ടി.ഒ ബിജുവിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളും പോലീസുമെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മകന് മരുന്ന് വാങ്ങാൻ ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോകുന്നുവെന്ന് ബന്ധുക്കളോട് പറഞ്ഞാണ് ബീന വീട്ടിൽ നിന്ന് ഇറങ്ങിയതെന്നാണ് ബന്ധുക്കൾ പറഞ്ഞത്. എന്നാൽ വൈകുന്നേരമായിട്ടും ബീന തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. വീടിനോട് ചേർന്ന് ചെറിയ ടീഷോപ്പ് നടത്തുകയായിരുന്നു ബീന. ബീനയുടെ ഭർത്താവ് സജീവ് കുമാർ 18 വർഷം മുൻപ് ഗൾഫിൽ വച്ച് കപ്പലിൽ നിന്ന് കടലിൽ വീണ് മരണപ്പെട്ടിരുന്നു. ഇതേ തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ ടീഷോപ്പ് നടത്തി മകനുമായി ജീവിക്കുകയായിരുന്നു ഇവർ. കൊവിഡ് പിടിമുറിക്കിയതോടെ മാസങ്ങളായി കട അടച്ചിട്ടിരിക്കുകയാണ്. 22 വയസുള്ള മകൻ കുറച്ചുകാലമായി മാനസികരോഗത്തിന് ചികിത്സയിലാണെന്ന് ബന്ധുക്കൾ പറഞ്ഞു.